
കോട്ടയം: കനത്ത മഴയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം.ജില്ലയില്‍ വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ ശക്തമായതോടെ മഴക്കെടുതിയും വര്‍ധിച്ചു. അതിരമ്പുഴയില്‍ ഒരു വീട് പൂര്‍ണമായി തകര്‍ന്നു.
കോട്ടയത്തിനു സമീപം മള്ളൂശേരിയില്‍ മതിലിടിഞ്ഞു വീണു. ശക്തമായ മഴ മലയോര മേഖലയില്‍ ഉള്‍പ്പെടെ തുടരുന്നതോടെ ജലസ്രോതസുകളിലും ജലനിരപ്പ് ഉയര്‍ന്നു. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയര്‍ന്നു. മണിമലയാര്‍ നിറഞ്ഞു. രണ്ടിടങ്ങളിലും കിഴക്കന്‍ വെള്ളത്തിന്റെ വരവ് തുടരുകയാണ്.
അപകട സാഹചര്യങ്ങളില്ലെങ്കിലും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. മരങ്ങള്‍ വീണും പോസ്റ്റുകള്‍ തകര്ന്നുമുണ്ടാകുന്ന അപകടങ്ങളും ശ്രദ്ധിക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയോരമേഖലയില്‍ ശക്തമായ മഴയാണ് രണ്ടു ദിവസമായി പെയ്തത്. തീക്കോയി-വാഗമണ്‍ റോഡില്‍ പലയിടത്തും ചെറിയ മണ്ണിടിച്ചിലുണ്ടായി. കെ.കെ. റോഡില്‍ പെരുവന്താനത്തിനു സമീപം കൂറ്റന്‍ പാറകള്‍ റോഡിലേക്ക് വീണിരുന്നു. വന്‍ മരങ്ങളും നിലംപൊത്തി. വാഗമണ്‍, കുട്ടിക്കാനം, ഇല്ലിക്കല്‍കല്ല്, ഇലവീഴാപൂഞ്ചിറ പ്രദേശങ്ങളില്‍ മഴയ്ക്കു ശേഷം ശക്തമായ കോടമഞ്ഞുമുണ്ട്.
മഴക്കാലത്ത് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോരമേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലാ ഭരണ കൂടം നിര്‍ദേശിച്ചിട്ടുണ്ട്. ജലാശയങ്ങള്‍ കരകവിഞ്ഞൊഴുകുന്നയിടങ്ങളില് വാഹനം ഓടിക്കരുത്. താലൂക്ക്, ജില്ലാ കേന്ദ്രങ്ങളില്‍ 24 മണിക്കൂര്‍ കണ്ട്രോള് റൂമും പ്രവര്‍ത്തിക്കുന്നുണ്ട്.
അതിരമ്പുഴയിൽ ബുധനാഴ്ച രാത്രി ഉണ്ടായ കനത്ത മഴയിലും കാറ്റിലും വീടിന്റെ മേൽക്കൂര തകർന്നു വീണു. നാൽപാത്തിമലയിൽ ജോൺസൺ ജോസഫ് കൂട്ടുമമ്പറമ്പിലിന്റെ ഉടമസ്ഥതയിലുള്ള വീടാണ് തകർന്നത്. വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കാഞ്ഞിരംകാലായിൽ വിനോയ് മാത്യു (38), ഭാര്യ ടിനു തോമസ് (36), മകൻ ഏബൽ വിനോയ് (9) എന്നിവർക്ക് പരിക്കേറ്റു.
അപകട സമയത്ത് ബിനോയിയും ഭാര്യയും രണ്ട് കുട്ടികളും വീട്ടിനുള്ളിൽ ഉണ്ടായിരുന്നു. ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര ഒന്നടങ്കം താഴേക്ക് പതിക്കുകയായിരുന്നു.
കമ്പികളും ഷീറ്റുകളും ഉൾപ്പെടെ തകർന്നു വീണതോടെ ബിനോയിയും കുടുംബവും മുറിക്കുള്ളിൽ കുടുങ്ങിപ്പോയി. ഒരു മണിക്കൂറിലധികം നീണ്ട ശ്രമത്തിനൊടുവിലാണ് ഇവർക്ക് പുറത്തുകടക്കാൻ സാധിച്ചത്.
മള്ളൂശേരിയില്‍ മതില് ഇടിഞ്ഞുവീണു. മള്ളൂശേരി സ്വദേശിനി അമ്പിളിയുടെ വീടിനു മുന്നിലേക്കാണ് ഇരുപതടിയോളം ഉയരമുള്ള മതില്‍ക്കെട്ടിന്റെ ഒരുഭാഗം ഇടിഞ്ഞുവീണത്.
കണ്ടത്തില്‍ ജെ. സിംസണ്‍, സഹോദരന് ജെ. സിസില്‍ എന്നിവരുടെ വീടിനു പുറകുവശം കെട്ടിയിരുന്ന മതില്ക്കെട്ടാണു കനത്ത മഴയില്‍ ഇടിഞ്ഞുവീണത്. വ്യാഴം രാവിലെ 9.30നായിരുന്നു അപകടം.
അപകടസമയം സമീപത്തെ വീടിന്റെ മുറ്റത്തുണ്ടായിരുന്ന അമ്പിളി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനവും തകര്‍ന്നു.
കഴിഞ്ഞ വര്‍ഷവും ഇതേ സ്ഥലത്ത് സമാനമായ രീതിയില്‍ മതിലിടിഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് കോണ്‍ക്രീറ്റ് ചെയ്ത് സുരക്ഷിതമാക്കിയ ഭാഗമാണു വീണ്ടും തകര്‍ന്നത്.







