
തിരുവനന്തപുരം: 2026 ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആരാധകര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി കെഎസ്‌ഇബി. ഇഷ്ട ടീമുകളുടെ ഫ്ലെക്സുകള്‍, ബാനറുകള്‍, കൊടികള്‍, തോരണങ്ങള്‍ എന്നിവ റോഡുകള്‍ക്ക് കുറുകെയോ വൈദ്യുതി ലൈനുകള്‍ക്ക് സമീപമോ സ്ഥാപിക്കുന്നത് അപകടകരമാണെന്ന് കെഎസ്‌ഇബി അറിയിച്ചു.
കൊടികളും ബാനറുകളും സ്ഥാപിക്കുന്നതിനിടെ അബദ്ധത്തില്‍ വൈദ്യുതി ലൈനുകളുമായി സമ്പര്‍ക്കമുണ്ടായാല്‍ ഗുരുതരമായ വൈദ്യുതാഘാതത്തിനും ജീവഹാനിക്കും വരെ ഇടയാക്കാന്‍ സാധ്യതയുണ്ടെന്ന് കെഎസ്‌ഇബി മുന്നറിയിപ്പ് നല്‍കി. ശക്തമായ കാറ്റിലും മഴയിലും ഇത്തരം ബാനറുകളും കൊടിതോരണങ്ങളും വൈദ്യുതി ലൈനുകളിലേക്ക് പതിക്കുന്നത് വൈദ്യുതി വിതരണം തടസപ്പെടുന്നതിനും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതിനും കാരണമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമായി അലങ്കാരങ്ങള്‍ ഒരുക്കുമ്പോള്‍ ജനങ്ങള്‍ പരമാവധി ജാഗ്രത പാലിക്കണമെന്നും ഏതെങ്കിലും തരത്തിലുള്ള വൈദ്യുതി അപകടസാധ്യത ശ്രദ്ധയില്‍പ്പെട്ടാല്‍ സമീപത്തെ കെഎസ്‌ഇബി സെക്ഷന്‍ ഓഫീസിലോ 9496010101 എന്ന എമര്‍ജന്‍സി നമ്പരിലോ ഉടന്‍ വിവരം അറിയിക്കണമെന്നും കെഎസ്‌ഇബി അഭ്യര്‍ഥിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







