Spread the love

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ അവരവരുടെ നാടുകളിലേക്ക് മടങ്ങിയത് ലോട്ടറി മേഖലയ്ക്കും കനത്ത തിരിച്ചടിയാകുന്നു.
മുമ്പ് അച്ചടിക്കുന്ന ലോട്ടറികള്‍ പൂര്‍ണമായി വിറ്റഴിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പ്രതിദിനം അഞ്ചുലക്ഷം മുതല്‍ 10 ലക്ഷം വരെ ടിക്കറ്റുകള്‍ ബാക്കിയാകുകയാണ്. ലോട്ടറി വില്പന കുറഞ്ഞത് ഈ മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നവരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

video
play-sharp-fill

കേരള ലോട്ടറിയുടെ വലിയ വാങ്ങലുകാരായിരുന്നു ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍. ഇവര്‍ സ്വദേശത്തേക്ക് മടങ്ങിയതോടെ ടിക്കറ്റ് വില്പനയും വലിയ തോതില്‍ ഇടിഞ്ഞു. പ്രതിദിനം ഒരു കോടി ടിക്കറ്റുകള്‍ മുമ്പ് വിറ്റുപോയിരുന്നു. എന്നാല്‍ ഇതരസംസ്ഥാനക്കാര്‍ മടങ്ങിയതോടെ പത്തുലക്ഷത്തിനടുത്ത് ടിക്കറ്റുകളാണ് വില്പനയില്‍ കുറഞ്ഞത്.
കൂട്ടത്തോടെ എത്തി ലോട്ടറി വാങ്ങുന്നതായിരുന്നു ഇതരസംസ്ഥാന തൊഴിലാളികളുടെ ശീലം. അതും ഒന്നിലേറെ ടിക്കറ്റുകള്‍. ദിവസവും ലഭിക്കുന്ന വരുമാനത്തിന്റെ ഒരുപങ്ക് ഇവര്‍ ടിക്കറ്റ് വാങ്ങാനായി മാറ്റിവച്ചിരുന്നു.

വില്പന ഇനിയും കുറഞ്ഞേക്കും
ടിക്കറ്റ് വില്പനയിലെ ഇടിവ് ഉയര്‍ന്നേക്കാമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. തൊഴിലാളികള്‍ മടങ്ങി വന്നില്ലെങ്കില്‍ ഇടിവ് 15 ലക്ഷത്തിന് അടുത്തെത്തിയേക്കാം. 5,000 രൂപയില്‍ കുറവുള്ള സമ്മാനങ്ങള്‍ വെട്ടിക്കുറച്ചതും വില്പനയില്‍ പ്രതിഫലിച്ചു. സമ്മാനങ്ങള്‍ കുറയുന്നത് പലരെയും ഭാഗ്യം പരീക്ഷിക്കുന്നതില്‍ നിന്ന് പിന്നോട്ടു വലിക്കുന്നു. രണ്ടുലക്ഷം വില്പനക്കാരും 20,000 സബ് ഏജന്റുമാരും 10,000 ഏജന്റുമാരും ടിക്കറ്റ് വില്പന ഉപജീവനമായി കൊണ്ടുനടക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുരിതത്തിലായി ചെറുകിട കച്ചവടക്കാര്‍
കേരളത്തിലെ ലോട്ടറി വില്പനക്കാരിലേറെയും ഭിന്നശേഷിക്കാരും പ്രായമായവരുമാണ്. വില്പന കുറഞ്ഞത് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഇവരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാക്കുന്നു. മുന്‍കൂട്ടി പണം നല്‍കി എടുക്കുന്ന ടിക്കറ്റുകള്‍ വിറ്റഴിയാതെ വരുന്നത് കച്ചവടക്കാരെ വലിയ കടക്കെണിയിലേക്കാണ് തള്ളിവിടുന്നത്.

നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനും വിളവെടുപ്പ് ഉത്സവങ്ങള്‍ക്കുമായി ഫെബ്രുവരി-മാര്‍ച്ച്‌ മാസങ്ങളില്‍ നാട്ടിലേക്ക് പോയ തൊഴിലാളികളില്‍ വലിയൊരു ശതമാനം ഇപ്പോഴും കേരളത്തിലേക്ക് മടങ്ങിയെത്തിയിട്ടില്ല.
ട്രെയിനുകളിലെ കടുത്ത തിരക്കും ഉയര്‍ന്ന യാത്രാച്ചെലവും ഇതിനൊരു കാരണമാണ്. ബംഗാളിലും അസമിലും കൂടുതല്‍ സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടതോടെ തൊഴിലവസരങ്ങളും വര്‍ധിച്ചു. പലരും സ്വന്തം നാട്ടില്‍ തന്നെ ജീവിക്കാന്‍ താല്പര്യപ്പെടുന്നു.