
തിരുവനന്തപുരം: നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽ യുവതിയെ കഴുത്തറുത്തു കൊന്ന കേസിൽ പ്രതിയായ ഭർത്താവ് സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച്‌ച പുലർച്ചെ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സുരേഷ് കാറിൽ വീട്ടിൽനിന്നു രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ കാർ ബാലരാമപുരം റയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.പിന്നാലെയാണ് ഇന്നു രാവിലെ സുരേഷിന്റെ മൃതദേഹം ചിദംബരത്ത് കണ്ടെത്തിയത്.
ഇയാൾ ജീവനൊടുക്കിയതാവാം എന്നാണു പൊലീസ് കരുതുന്നത്. നാലാഞ്ചിറയിൽ ഉദിയന്നൂർ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഹസീന ബിവി(36)യെ ആണ് ഭർത്താവ് സുരേഷ് (46) മക്കളുടെ മുന്നിൽ വച്ച് കഴുത്തറുത്തു കൊന്നത്. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാലു മാസം മുമ്പാണ് ഇവർ നാലാഞ്ചിറയിലെ വാടകവീട്ടിൽ താമസം തുടങ്ങിയത്. സുരേഷും ഹസീനയും തമ്മിൽ നേരത്തേ കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു. ഇതേത്തുടർന്ന് ദിവസങ്ങൾക്കു മുൻപ് ഹസീന വീട്ടിൽനിന്നു പോയി. തുടർന്ന് സുരേഷ്പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനടയിൽ വിഷം കഴിച്ച് ജീവനൊടുക്കാനും സുരേഷ് ശ്രമിച്ചിരുന്നു.
പരാതിയുടെ അടിസ്‌ഥാനത്തിൽ പൊലീസ് വിളിച്ചതിനെ തുടർന്ന് ഹസീന തിരിച്ചെത്താൻ സന്നദ്ധത അറിയിച്ചു. ഇന്നലെ ഇവരെ സ്റ്റേഷനിൽ വിളിച്ചു വരുത്തി പ്രശ്‌നങ്ങൾ പറഞ്ഞു തീർത്ത് ഹസീനയുടെ മാതാവിനെയും മക്കളെയും കൂട്ടിയാണ് വീട്ടിലേക്കു വിട്ടത്. എന്നാൽ ഇന്ന് പുലർച്ചെ ഇരുവരും തമ്മിൽ വീണ്ടും വഴക്കുണ്ടാകുകയായിരുന്നു. അടുക്കളയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് സുരേഷ് ഭാര്യയുടെ കഴുത്തറുത്തത്. ശേഷം കത്തി കഴുകി വൃത്തിയാക്കി അടുക്കളയിൽ വച്ച ശേഷമാണ്സുരേഷ് രക്ഷപ്പെട്ടത്. വിവരമറിഞ്ഞ് സ്‌ഥലത്തെത്തിയ പൊലീസ് ഹസീനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group







