Spread the love

ആലപ്പുഴ: ചേംബറില്‍ കയറി മജിസ്ട്രേറ്റിനെ ആക്രമിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചെങ്ങന്നൂർ പെരിങ്ങാല മോഹിനി സദനത്തില്‍ അരുണ്‍ മോഹൻ (34) ആണ് പിടിയിലായത്.

video
play-sharp-fill

ചെങ്ങന്നൂർ മുൻസിഫ് കോടതിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഓഫീസ് അസിസ്റ്റന്റ് വെളിയിലായിരുന്നതിനാല്‍ മജിസ്‌ട്രേറ്റ് മാത്രമാണ് ചേംബറിലുണ്ടായത്.

യുവാവ് അക്രമാസക്തനായി വരുന്നത് കണ്ട് പരിഭ്രമിച്ച മജിസ്ട്രേറ്റ് കോടതി ഹാളിലേയ്ക്ക് പ്രവേശിക്കാനുള്ള വാതിലിലൂടെ പുറത്തേയ്ക്ക് ഇറങ്ങി ഓടി. ബാർ അസോസിയേഷന്റെ വരാന്തയിലേക്ക്‌ പ്രാണരക്ഷാർഥം ഓടുന്നതിനിടെ രണ്ട് തവണ മജിസ്‌ട്രേറ്റ് വീഴുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബഹളംവെച്ച യുവാവിനെ മജിസ്‌ട്രേറ്റിന്റെ ഓഫീസ് അസിസ്റ്റന്റും ക്ലാർക്കും ചേർന്ന് തടയാൻ ശ്രമം നടത്തി. എന്നാല്‍ വെള്ളംനിറച്ച കുപ്പി യുവാവ് മജിസ്‌ട്രേറ്റിനു നേരേയെറിഞ്ഞു.

കൂടുതലാളുകള്‍ എത്തിയതോടെ യുവാവ് കോടതിയുടെ ഗേറ്റിലൂടെ റോഡിലേക്കോടി. ജീവനക്കാരും പിന്നാലെയോടി. തുടർന്ന്, സിവില്‍ സ്റ്റേഷനു മുന്നില്‍വെച്ച്‌ ജീവനക്കാരും ഓട്ടോത്തൊഴിലാളികളും ചേർന്ന് ഇയാളെ കീഴടക്കുകയായിരുന്നു.

കുറച്ചുദിവസമായി യുവാവ് കോടതി പരിസരത്തുണ്ടായിരുന്നതായി ബാർ അസോസിയേഷൻ ഭാരവാഹികള്‍ പറഞ്ഞു. യുവാവും അച്ഛനും തമ്മില്‍ കോടതിയില്‍ കേസുണ്ട്. അടുത്തിടെ യുവാവ് വീട്ടില്‍ പ്രവേശിക്കുന്നതിനെതിരേ കോടതിയില്‍നിന്ന് ഇൻജക്ഷൻ ഓർഡർ നല്‍കിയിരുന്നു.

അതാകാം ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. യുവാവിന്റെ മാനസിക നില പരിശോധിക്കും. ആക്രമണ ശ്രമം, ജോലി തടസ്സപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേർത്ത് കേസെടുത്തു.

സംഭവത്തില്‍ ചെങ്ങന്നൂർ ബാർ അസോസിയേഷൻ കോടതി ബഹിഷ്‌കരിച്ച്‌ പ്രതിഷേധിച്ചു. യുവാവിന്റെ ആക്രമണത്തില്‍ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. വീഴ്ചയില്‍ നിസ്സാര പരിക്കേറ്റ മജിസ്ട്രേറ്റ് ചെങ്ങന്നൂർ ജില്ല ആശുപത്രിയിലും ചികിത്സതേടി.