
താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തി. രാവിലെ ആറ് മുതൽ രാത്രി എട്ട് മണി വരെയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ജില്ലാ കളക്ടർ ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കി.
കാലവർഷം കനക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായിട്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
കാലവർഷം അവസാനിക്കുന്നത് വരെയോ അല്ലെങ്കിൽ അടുത്ത ഉത്തരവ് ഉണ്ടാകുന്നത് വരെയോ നിയന്ത്രണം തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് ആക്‌സിലിൽ കൂടുതലുള്ള ട്രക്കുകൾ, ലോറികൾ, ടാങ്കറുകൾ, ട്രെയിലറുകൾ, കണ്ടെയ്നർ വാഹനങ്ങൾ, മറ്റ് വലിയ മൾട്ടി ആക്‌സിൽ വാഹനങ്ങൾ എന്നിവയ്ക്ക് ഈ സമയങ്ങളിൽ ചുരത്തിലൂടെ കടന്നുപോകാൻ അനുമതി ഉണ്ടായിരിക്കില്ല.
യാത്രാ ദുരിതം ഒഴിവാക്കാൻ അവശ്യ സർവീസുകളെയും ചെറിയ വാഹനങ്ങളെയും നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ, കാറുകൾ, ജീപ്പുകൾ, ടാക്സികൾ തുടങ്ങിയ ചെറിയ മോട്ടോർ വാഹനങ്ങൾ, ആംബുലൻസുകൾ, മറ്റ് അടിയന്തര മെഡിക്കൽ വാഹനങ്ങൾ, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്, ദുരന്തനിവാരണ സേനകളുടെ വാഹനങ്ങൾ, സായുധ സേനകൾ, കേന്ദ്ര പാരാമിലിട്ടറി, കേരള പൊലീസ് എന്നിവരുടെ വാഹനങ്ങൾ, ജില്ലാ കളക്ടറോ ബന്ധപ്പെട്ട മറ്റ് അധികാരികളോ രേഖാമൂലം പ്രത്യേക അനുമതി നൽകിയിട്ടുള്ള വാഹനങ്ങൾ എന്നിവയെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.







