Spread the love

കൊച്ചി: കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണമെന്ന് ഹൈക്കോടതി.

video
play-sharp-fill

സ്ഥലമുടമ ആരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും വിഷപ്പാമ്പുകളുടെ താവളമായി കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം.
ഇതിന് ഉണ്ടാകുന്ന ചെലവ് പിന്നീട് ഉടമയെ കണ്ടെത്തുമ്പോള്‍ ഈടാക്കാവുന്നതാണെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ വ്യക്തമാക്കി.

ഇത്തരം സാഹചര്യങ്ങളില്‍ സ്ഥലമുടമ ആരാണെന്ന് കണ്ടെത്തിയില്ലെന്ന് പറഞ്ഞ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈയും കെട്ടി നില്‍ക്കാനാവില്ലെന്നും കോടതി പറഞ്ഞു. അയല്‍പക്കത്തെ കാടുപിടിച്ച പറമ്പില്‍ നിന്ന് വിഷജന്തുക്കളുടെ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മാവേലിക്കര തെക്കേക്കര സ്വദേശി ജിജി വര്‍ഗീസ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

10 ദിവസത്തിനുള്ളില്‍ കാടു വെട്ടിത്തെളിക്കാന്‍ തെക്കേക്കര ഗ്രാമപഞ്ചായത്തിന് കോടതി നിര്‍ദേശം നല്‍കി. അപകടകരമായ സാഹചര്യമാണെങ്കില്‍ ഉടമയ്ക്ക് നോട്ടീസ് നല്‍കി കാത്തിരിക്കേണ്ടതില്ല. കേരള പഞ്ചായത്ത് രാജ് ആക്‌ട് 238,239 വകുപ്പുകള്‍ പ്രകാരം ഇത്തരം ശല്യങ്ങള്‍ നീക്കം ചെയ്യാന്‍ തദ്ദേശ സ്ഥാപനത്തിന് അധികാരമുണ്ട്.

ഉടമയെ അറിയില്ലെങ്കില്‍ പോലും പഞ്ചായത്ത് സ്വന്തം നിലയ്ക്ക് കാട് വെട്ടിത്തെളിക്കണം. പ്രായമായ രക്ഷിതാക്കള്‍ക്കൊപ്പം താമസിക്കുന്ന തന്റെ വീടിനോട് ചേര്‍ന്ന് കാടുപിടിച്ച്‌ കിടക്കുന്ന പറമ്പിലെ പാമ്പുശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ മുഖ്യമന്ത്രിയുടെ പോര്‍ട്ടലില്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍ വില്ലേജ് ഓഫീസില്‍ നിന്ന് വിവരങ്ങള്‍ തേടിയിട്ടും പറമ്പിന്റെ ഉടമയെ കണ്ടെത്താനായില്ലെന്നും നോട്ടീസ് നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു തെക്കേക്കര ഗ്രാമപ്പഞ്ചായത്തിന്റെ നിലപാട്. ഈ വാദം കോടതി തള്ളി.