
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമാഫിയക്കെതിരായ ശക്തമായ നടപടികളുമായി ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമായി. മുഖ്യമന്ത്രി വി ഡി സതീശൻ തിരുവനന്തപുരത്ത് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
കേരളത്തിൽ കുറ്റകൃത്യങ്ങളുടെ സ്വഭാവം പാടെ മാറിയിരിക്കുകയാണെന്നും മയക്കുമരുന്ന് ഉപയോഗം മൂലം ഭയാനകമായ അവസ്ഥയാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജന്മം നൽകിയതിന്റെ പേരിൽ സ്വന്തം അമ്മയെയും മാതാപിതാക്കളെയും വരെ കൊലപ്പെടുത്തുന്ന ക്രൂരതയിലേക്ക് കാര്യങ്ങളെത്തിക്കുന്നത് മയക്കുമരുന്നാണ്.
ഈ ലഹരി മാഫിയയെ കേരളത്തിൽ നിന്നും പൂർണ്ണമായും തുടച്ചുനീക്കുമെന്നും കേരള പോലീസിന്റെയും എക്സൈസിന്റെയും കയ്യൊപ്പുള്ള മികച്ചൊരു പദ്ധതിയായി ഇത് മാറണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐ ജി പുട്ട വിമലാദിത്യയെ ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി നിയമിച്ചെന്നും വേദിയിൽ പ്രഖ്യാപനമുണ്ടായി.
പുതുതലമുറയെ മയക്കുമരുന്നിന് അടിമകളാക്കുന്ന മാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന് ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതി ആവിഷ്കരിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
ലഹരി വിൽപനക്കാർ എത്രയും പെട്ടെന്ന് ഈ പരിപാടി നിർത്തണമെന്നും ഇല്ലെങ്കിൽ നിയമത്തിന്റെ ശക്തമായ കരങ്ങൾ നിങ്ങളെ തേടിയെത്തുമെന്നും ചെന്നിത്തല കടുത്ത മുന്നറിയിപ്പ് നൽകി.
ഡി ജെ പാർട്ടികളിലും ഫൈവ് സ്റ്റാർ ഹോട്ടലുകളിലും വരെ ലഹരി വിൽപ്പന നടക്കുന്നുണ്ട്. ഇത്തരം ലഹരി വിൽപ്പനയ്ക്ക് കേരള സർക്കാർ പൂട്ടിടുമെന്നും ചെന്നിത്തല പ്രഖ്യാപിച്ചു.
നിയമത്തിന്റെ മുന്നിൽ പദവിയോ പണമോ പ്രശ്നമല്ലെന്നും പോലീസ് സ്റ്റേഷനുകളിൽ കയറി പ്രതികളെ ഇറക്കിക്കൊണ്ടുപോകുന്ന കാലം കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
കേസിൽ ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥർ വഴിവിട്ട സഹായം നൽകാൻ ശ്രമിച്ചാൽ അവർക്കെതിരെയും ശക്തമായ നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി ഓർമ്മിപ്പിച്ചു.







