
പത്തനംതിട്ട: കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച വിവാദ പെട്രോള്‍ പമ്പിന്റെ അനുമതി രേഖകളില്‍ വൻ അട്ടിമറി നടന്നതായി സൂചന.
പമ്പിന്റെ പങ്കാളിത്തക്കരാർ ബോധപൂർവം മുക്കിയതായാണ് ഒടുവിലത്തെ വിവരങ്ങള്‍ പുറത്തുവരുന്നത്. പമ്പിന് പിന്നില്‍ പ്രവർത്തിച്ച യഥാർത്ഥ വ്യക്തികള്‍ ആരാണെന്ന് മറച്ചുവെക്കാനാണ് ഈ നീക്കമെന്ന സംശയം ശക്തമായിട്ടുണ്ട്.
2024 മാർച്ച് 30-ന് തളിപ്പറമ്പ് തഹസില്‍ദാർ അന്നത്തെ കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടില്‍ ഈ പങ്കാളിത്തക്കരാർ ഉള്ളടക്കം ചെയ്തിരുന്നതായി വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, നവീൻ ബാബുവിന്റെ മരണം വലിയ വിവാദമായതോടെ കളക്ടറേറ്റില്‍ നിന്ന് ലഭിച്ച വിവരം പ്രകാരം അത്തരമൊരു കരാർ ഫയലില്‍ ലഭ്യമല്ലെന്നാണ് വ്യക്തമാകുന്നത്.
പെട്രോള്‍ പമ്പിനായി അപേക്ഷ നല്കിയ പ്രശാന്തൻ, മറ്റാരുമായാണ് ഈ ബിസിനസ് പങ്കാളിത്തം ഉണ്ടാക്കിയത്? ഈ ‘അദൃശ്യ പങ്കാളി’യെ സംരക്ഷിക്കാനാണോ ഔദ്യോഗിക ഫയലില്‍ നിന്ന് രേഖകള്‍ കടത്തിയത്? എന്ന കാര്യത്തില്‍ കൃത്യത വരുത്തേണ്ടതുണ്ട്. പമ്പിന്റെ അനുമതിക്കായി നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉന്നയിച്ച വ്യക്തിയാണ് പ്രശാന്തൻ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2024 ഒക്ടോബർ 14-ന് നടന്ന യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കപ്പെടാതെ എത്തിയ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ഈ പമ്പ് അഴിമതി ഉന്നയിച്ച് നവീൻ ബാബുവിനെ പരസ്യമായി അധിക്ഷേപിച്ചിരുന്നു. പരസ്യ അധിക്ഷേപത്തില്‍ മനംനൊന്ത് പിറ്റേന്ന് രാവിലെയാണ് നവീൻ ബാബുവിനെ ക്വാർട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവാദ പെട്രോള്‍ പമ്പിന്റെ യഥാർത്ഥ ഉടമസ്ഥാവകാശം ആരാണെന്ന് സമഗ്രമായി അന്വേഷിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് നവീൻ ബാബുവിന്റെ കുടുംബം. രേഖകള്‍ മുക്കിയെന്ന പുതിയ സൂചനകള്‍ കൂടി പുറത്തുവന്നതോടെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് നീങ്ങാനാണ് സാധ്യത. സിബിഐ കേസ് ഏറ്റെടുക്കുന്നതോടെ മുക്കിയ കരാർ രേഖകളൊക്കെ പുഷ്പം
പോലെ പുറത്തു കൊണ്ടുവരാനാകും.







