Spread the love

തിരുവനന്തപുരം: സ്‌കൂള്‍ അദ്ധ്യയന വർഷാരംഭത്തോടനുബന്ധിച്ച്‌ നാളെ മുതല്‍ തിരുവനന്തപുരം നഗരത്തില്‍ ഗതാഗതക്രമീകരണങ്ങള്‍ ഏർപ്പെടുത്തുമെന്ന് തിരുവനന്തപുരം സിറ്റി ട്രാഫിക് പൊലീസ്.

video
play-sharp-fill

സ്കൂള്‍, കോളേജ് വിദ്യാർത്ഥികളുടെ സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പുവരുത്തുന്നതിനായാണ് ഗതാഗത നിയന്ത്രണമെന്ന് പൊലീസ് വ്യക്തമാക്കുന്നു.

പ്രധാന നിർദേശങ്ങള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂള്‍ സോണുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ ഗതാഗത തടസമുണ്ടാകാതെയും അപകടങ്ങളുണ്ടാകാതെയും സുരക്ഷിതമായ സ്ഥലങ്ങളില്‍ നിർത്തി കുട്ടികളെ ഇറക്കേണ്ടതും തിരികെ കയറ്റികൊണ്ടു പോകേണ്ടതുമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപമുള്ള റോഡുകളിലും പരിസര റോഡുകളിലും വാഹന പാർക്കിംഗ്, വഴിയോര കച്ചവടങ്ങള്‍ എന്നിവ അനുവദിക്കുന്നതല്ല. പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച്‌ നീക്കം ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.

അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ കുട്ടികളെ വാഹനത്തില്‍ കൊണ്ടുപോകാൻ പാടുള്ളതല്ല. സ്കൂള്‍ വിദ്യാർത്ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് മോട്ടോർ വാഹന നിയമപ്രകാരമുള്ള ഫിറ്റ്നസ്, പെർമിറ്റ് എന്നിവ ഉണ്ടായിരിക്കേണ്ടതും നിഷ്ക്കർഷിച്ചിട്ടുള്ള നിബന്ധനകള്‍ പാലിച്ചിരിക്കേണ്ടതും നിയമപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വാഹനത്തില്‍ ഉണ്ടായിരിക്കേണ്ടതുമാണ്.

സ്കൂള്‍ ബസുകള്‍ ഉള്‍പ്പടെയുള്ള സ്കൂള്‍ വാഹനങ്ങള്‍ സ്കൂള്‍ കോമ്പൗണ്ടിനുള്ളില്‍ പാർക്ക് ചെയ്ത് കുട്ടികളെ കയറ്റേണ്ടതും
ഇറക്കേണ്ടതുമാണ്. സ്കൂള്‍ കുട്ടികളെ കൊണ്ടു വരുന്ന വാഹനങ്ങള്‍ സ്കൂള്‍ സോണിലെ റോഡുകളിലോ നഗരത്തിലെ പ്രധാനറോഡുകളിലോ പാർക്ക് ചെയ്യാൻ പാടുള്ളതല്ല. സ്കൂള്‍ സമയം അവസാനിക്കുന്നതിന് അര മണിക്കൂർ മുൻപു മാത്രമേ വാഹനങ്ങള്‍ സ്കൂളുകള്‍ക്ക് സമീപം എത്തി കുട്ടികളെ കയറ്റി കൊണ്ടുപോകാൻ പാടുള്ളൂ.

സ്കൂള്‍ സോണുകളില്‍ വാഹനങ്ങള്‍ വേഗത കുറച്ച്‌ പോകേണ്ടതും കുട്ടികള്‍ റോഡ് മുറിച്ചു കടക്കുന്നതിനായി വാഹനം നിർത്തി കൊടുക്കേണ്ടതുമാണ്. സ്കൂള്‍ സോണുകളില്‍ സ്കൂള്‍ സമയത്തും തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിലും ചരക്ക് വാഹനങ്ങള്‍ അനുവദിക്കില്ല. നഗരപരിധിയില്‍ വാഹനങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള സമയക്രമീകരണം പാലിക്കണം. ലംഘിക്കുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കർശന നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.

സ്കൂള്‍ കുട്ടികളെ വാഹനത്തില്‍ കയറ്റുന്നതും ഇറക്കുന്നതും ക്യൂ സംവിധാനത്തിലൂടെ ആകണം. വാഹനങ്ങളില്‍ ഡ്രൈവറെ കൂടാതെ സഹായി ഉണ്ടായിരിക്കണം. വിദ്യാർത്ഥികള്‍ വാഹനത്തിന്റെ മുൻവശത്തു കൂടെയോ പിൻവശത്തു കൂടെയോ എതിർവശത്തേക്ക് പോകുമ്പോഴും കുട്ടികള്‍ റോഡ് മുറിച്ചു കടക്കുമ്പോഴും വാഹനങ്ങളിലെ ഡ്രൈവർമാർ സഹായികള്‍ എന്നിവർ അതീവ ജാഗ്രത പുലർത്തേണ്ടതും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്. ഇക്കാര്യം സ്കൂള്‍ അധികൃതർ ഉറപ്പു വരുത്തേണ്ടതുമാണ്. സ്കൂള്‍ സോണുകളില്‍ ഗതാഗത തിരക്ക് അനുഭവപ്പെടുന്ന റോഡുകളില്‍ ആവശ്യമായ സമയങ്ങളില്‍ വാഹനഗതാഗതം വഴി തിരിച്ചു വിടുന്നതാണ്.