
പത്തനംതിട്ട: തിരുവല്ല എം.സി റോഡിലെ കുറ്റൂരിൽ മിനി ലോറിയും പാൽ ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മിനി ലോറി ഡ്രൈവർ മരിച്ചു. തമിഴ്നാട് തെങ്കാശി സ്വദേശിയായ അർജുൻ (22) ആണ് മരിച്ചത്. അപകടത്തിൽ ടാങ്കർ ഡ്രൈവർ മഹാരാഷ്ട്ര സ്വദേശി വിനായക് (21)യ്ക്ക് പരിക്കേറ്റു.
ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് കുറ്റൂർ ഇന്ത്യൻ ഓവർസീസ് ബാങ്കിന് സമീപം അപകടമുണ്ടായത്. തമിഴ്നാട്ടിൽ നിന്ന് കോട്ടയത്തേക്ക് വാഴക്കുലകൾ കയറ്റി വന്ന മിനി ലോറിയും മഹാരാഷ്ട്രയിൽ നിന്ന് ചെങ്ങന്നൂർ ഭാഗത്തേക്ക് പാൽ കയറ്റി വന്ന ടാങ്കറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ അർജുനെ പുറത്തെടുക്കാൻ ഫയർഫോഴ്സ് ഒന്നരമണിക്കൂറിലേറെ രക്ഷാപ്രവർത്തനം നടത്തി. പുലർച്ചെ നാലരയോടെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇരുകൈകൾക്കും പരിക്കേറ്റ വിനായകിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







