
തിരുവനന്തപുരം: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസിൽ യുവാവിനെ മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം പുല്ലുവിള സ്വദേശിയായ മനു (24) ആണ് പിടിയിലായത്. സംഭവത്തിൽ മറ്റൊരാൾക്കും പങ്കുണ്ടെന്ന് പെൺകുട്ടി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.
ബന്ധുവീട്ടിൽ വച്ചാണ് വിദ്യാർത്ഥിനി മനുവിനെ പരിചയപ്പെട്ടത്. തുടർന്ന് ഇൻസ്റ്റഗ്രാം വഴിയുള്ള സൗഹൃദം തുടരുന്നതിനിടെ, മെയ് 18ന് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് മനുവും മറ്റൊരാളും ചേർന്ന് പെൺകുട്ടിയുടെ വീട്ടിലെത്തിയെന്നാണ് പരാതി. ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷമാണ് പീഡനം നടന്നതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
പീഡനത്തിനിരയായ വിവരം പെൺകുട്ടി തന്നെയാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ (സിഡബ്ല്യുസി) അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ മണ്ണന്തല പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത മനുവിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. എന്നാൽ താൻ ഒറ്റയ്ക്കാണ് എത്തിയതെന്നും മറ്റാരും കൂടെയുണ്ടായിരുന്നില്ലെന്നുമാണ് പ്രതിയുടെ മൊഴി. സംഭവത്തിൽ മറ്റൊരാളെ കൂടി കണ്ടെത്തുന്നതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







