Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്റെയും തൈരിന്റെയും വില നാളെ മുതല്‍ വര്‍ധിക്കും. പാലിന് ലിറ്ററിന് 4 രൂപയും തൈരിന് കിലോയ്ക്ക് 10 രൂപയുമാണ് കൂട്ടിയത്. പുതുക്കിയ വില പ്രാബല്യത്തില്‍ വന്നെങ്കിലും പാല്‍ കവറുകളില്‍ പഴയ വില തന്നെയായിരിക്കും രേഖപ്പെടുത്തിയിട്ടുണ്ടാകുക. പുതിയ വില അച്ചടിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ ഏകദേശം ഒരു മാസം വരെ പഴയ വിലയുള്ള കവറുകള്‍ വിപണിയില്‍ തുടരുമെന്ന് മില്‍മ അറിയിച്ചു.

video
play-sharp-fill

ക്ഷീരകര്‍ഷകരുടെ ഉല്‍പാദനച്ചെലവ് ഗണ്യമായി ഉയര്‍ന്ന സാഹചര്യത്തിലാണ് വിലവര്‍ധനവെന്നാണ് മില്‍മയുടെ വിശദീകരണം. ലിറ്ററിന് 4 രൂപ വര്‍ധിപ്പിക്കുമ്പോള്‍ അതില്‍ 3.35 രൂപ, അഥവാ 83.75 ശതമാനം തുക നേരിട്ട് കര്‍ഷകര്‍ക്ക് ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 2022 ഡിസംബര്‍ ഒന്നിനുശേഷം ആദ്യമായാണ് മില്‍മ പാലിന് വില കൂട്ടുന്നത്. അന്ന് ലിറ്ററിന് 6 രൂപയായിരുന്നു വര്‍ധിപ്പിച്ചിരുന്നത്.