
തിരുവനന്തപുരം: പിണറായി വിജയന്റെ വസതിയിൽ പരിശോധനയ്ക്കെത്തിയ ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിൽ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. നിധിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹീൻ എന്നിവരുടെ ജാമ്യാപേക്ഷകളാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിരസിച്ചത്.
ഇ.ഡി. ഉദ്യോഗസ്ഥർക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട കേസ് ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. പ്രതികൾക്കെതിരെ വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, പൊതുമുതൽ നശീകരണ നിരോധന നിയമം (പിഡിപിപി) ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. അതേസമയം, വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ നിലനിൽക്കില്ലെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കാമെന്ന വിലയിരുത്തലിലാണ് കോടതി ജാമ്യാപേക്ഷകൾ തള്ളിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







