
ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിൽ അസം സ്വദേശിയെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി. സ്ത്രീയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടർന്നുണ്ടായ ആക്രമണത്തിലാണ് അസം സ്വദേശിയായ പ്രൊസൻജിത് ദാസ് (35) കൊല്ലപ്പെട്ടത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ജോലിക്കായി അസമിൽ നിന്ന് തിരുവള്ളൂരിലെത്തിയ പ്രൊസൻജിത് ദാസും മറ്റ് ആറുപേരും പ്രദേശത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രൊസൻജിത് ഒരു സ്ത്രീയോട് മോശമായി പെരുമാറുകയും വീടിന് നേരെ അതിക്രമം നടത്താൻ ശ്രമിക്കുകയും ചെയ്തെന്നാണ് ആരോപണം. ഭയന്ന സ്ത്രീ ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് നിരവധി പേർ സ്ഥലത്തെത്തുകയായിരുന്നു.
തുടർന്ന് പ്രൊസൻജിത്തിനെ സംഘം ചേർന്ന് മർദിച്ചതായി പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group







