Spread the love

തിരുവനന്തപുരം: സി.എം.ആര്‍.എല്‍. – എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ വീണ വിജയനോ അവരുടെ ഐ.ടി. കമ്പനിയോ കരിമണല്‍ കമ്പനിക്ക് യാതൊരുവിധ സേവനവും നല്‍കിയിട്ടില്ലെന്ന് ടി.
വീണയുടെ മൊഴിയിലും സാധൂകരണം. സി.എം.ആര്‍.എല്ലില്‍ നിന്ന് എക്‌സാലോജിക്കും വീണയും ചേര്‍ന്ന് ആകെ 2.78 കോടി രൂപ കൈപ്പറ്റിയെങ്കിലും പകരമായി എന്തെങ്കിലും ഐ.ടി. സേവനം നല്‍കിയതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് സിരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ.) വ്യക്തമാക്കുന്നു.

video
play-sharp-fill

എക്‌സാലോജിക് ജീവനക്കാര്‍, സി.എം.ആര്‍.എല്‍. ഐ.ടി. മേധാവി എന്നിവര്‍ക്ക് പുറമെ വീണ വിജയന്‍ നല്‍കിയ മൊഴിയും ഈ കണ്ടെത്തലിനെ സാധൂകരിക്കുന്നതാണെന്ന് എറണാകുളത്തെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യമായ സേവനം നല്‍കിയതിനാണ് പണം കൈപ്പറ്റിയതെന്ന സി.പി.എം. കേന്ദ്രങ്ങളുടെ ആവര്‍ത്തിച്ചുള്ള വാദങ്ങളുടെ മുനയൊടിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഈ മൊഴിപ്പകര്‍പ്പ്.

സി.എം.ആര്‍.എല്ലിന് ഐ.ടി. സേവനം നല്‍കിയതിന്റെ ഡിജിറ്റല്‍ അല്ലെങ്കില്‍ ഔദ്യോഗിക രേഖകള്‍ ആവശ്യപ്പെട്ട എസ്.എഫ്.ഐ.ഒ. ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍, ‘സേവനം സംബന്ധിച്ച ആശയവിനിമയമെല്ലാം നേരിട്ടായിരുന്നുവെന്നും ഒന്നിനും രേഖയില്ലെ’ന്നുമാണ് ടി. വീണ മറുപടി നല്‍കിയിരിക്കുന്നത്. സി.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്തായും അദ്ദേഹത്തിന്റെ ടീമുമായി നേരിട്ടായിരുന്നു ഐ.ടി. കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ ഈ യോഗങ്ങളുടെ മിനിറ്റ്‌സ് ഉള്‍പ്പെടെയുള്ള യാതൊരുവിധ രേഖകളും കമ്പനിയില്‍ സൂക്ഷിച്ചിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പേ എക്‌സാലോജിക് കമ്പനി അടച്ചുപൂട്ടിയതിനാല്‍, കമ്പനിയിലെ കമ്പ്യൂട്ടറുകളില്‍ നടത്തിയ ഡിജിറ്റല്‍ ആശയവിനിമയങ്ങളുടെ രേഖകളും ലഭ്യവുമല്ലെന്നായിരുന്നു വീണയുടെ മറുപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്.എഫ്.ഐ.ഒ.യ്ക്ക് വീണ വിജയന്‍ നല്‍കിയ മൊഴിയിലെ പ്രസക്ത ഭാഗങ്ങള്‍ താഴെ നല്‍കുന്നു:
ചോദ്യം: ഐ.ടി. കണ്‍സല്‍ട്ടന്‍സി സേവനത്തില്‍ വീണയ്ക്കുള്ള മുന്‍പരിചയം എന്താണ്?
ഉത്തരം (വീണ): സി.എം.ആര്‍.എല്ലില്‍ അല്ലാതെ മറ്റെവിടെയും എനിക്ക് ഇക്കാര്യത്തില്‍ മുന്‍പ് അനുഭവപരിചയമില്ല.
ചോദ്യം: സി.എം.ആര്‍.എല്ലിന് അയച്ച ഔദ്യോഗിക ഇമെയിലുകളില്‍ സേവനം സംബന്ധിച്ച ആശയവിനിമയമൊന്നും കാണാനില്ലല്ലോ?
ഉത്തരം (വീണ): നേരിട്ട് സംസാരിക്കുന്നതിലായിരുന്നു സി.എം.ആര്‍.എല്‍. മാനേജ്മെന്റിന് എപ്പോഴും താല്പര്യം. അതുകൊണ്ടാണ് ഇമെയില്‍ വഴി അത്തരം ആശയവിനിമയങ്ങള്‍ നടത്താതിരുന്നത്.
ചോദ്യം: 2.78 കോടി രൂപ കണ്‍സല്‍ട്ടന്‍സി ഫീസായി കൈപ്പറ്റിയിട്ട് എന്ത് സേവനമാണ് നിങ്ങള്‍ സി.എം.ആര്‍.എല്ലിന് നല്‍കിയത്?

ഉത്തരം (വീണ): ഐ.ടി. കണ്‍സല്‍ട്ടന്റ് എന്ന നിലയില്‍ ഞാന്‍ അവരുടെ കമ്പ്യൂട്ടര്‍ സിസ്റ്റവും സെര്‍വറും എച്ച്‌.ആര്‍. സോഫ്റ്റ്വെയറും പരിപാലിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളുമാണ് നല്‍കിയത്. സി.എം.ആര്‍.എല്ലിന് വേണ്ടിയുള്ള ഇ.ആര്‍.പി. സോഫ്റ്റ്വെയര്‍ ഡിസൈനിങ്ങിന് വേണ്ടിയാണ് 2017 മുതല്‍ 2019 വരെയുള്ള കാലയളവില്‍ എക്‌സാലോജിക് കമ്പനി പ്രവര്‍ത്തിച്ചത്.
ചോദ്യം: എക്‌സാലോജിക്കിന്റെ കരാര്‍ 2019-ല്‍ പെട്ടെന്ന് അവസാനിപ്പിക്കാന്‍ കാരണം സി.എം.ആര്‍.എല്ലില്‍ നടന്ന ഇന്‍കം ടാക്‌സ് (ഐ.ടി.) റെയ്ഡ് ആയിരുന്നോ?

ഉത്തരം (വീണ): ഇന്‍കം ടാക്‌സ് റെയ്ഡുമായി ഈ കരാര്‍ അവസാനിപ്പിച്ചതിന് യാതൊരു ബന്ധവുമില്ല. സ്വന്തമായി സോഫ്റ്റ്വെയര്‍ ഡിസൈന്‍ ചെയ്യുന്നതിന് പകരം, നിലവില്‍ വിപണിയിലുള്ള റെഡിമെയ്ഡ് ഇ.ആര്‍.പി. സോഫ്റ്റ്വെയര്‍ നേരിട്ട് വാങ്ങുന്നതാണ് കമ്പനിക്ക് നല്ലതെന്ന് ഇരുകൂട്ടരും ഒന്നിച്ച്‌ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് കരാറില്‍ നിന്നും പിന്മാറിയത്.

കരാര്‍ പ്രകാരം കൃത്യമായ സേവനങ്ങള്‍ നല്‍കാതെയാണ് കോടിക്കണക്കിന് രൂപ കരിമണല്‍ കമ്പനിയില്‍ നിന്നും കൈപ്പറ്റിയതെന്ന കണ്ടെത്തല്‍ കേസിന്റെ ഗതി മാറ്റും. വായ്പയായി പണം നല്‍കുകയും അത് തിരിച്ചടയ്ക്കാന്‍ വീണ്ടും പണം നല്‍കുകയും ചെയ്യുന്ന തരത്തിലുള്ള വിചിത്രമായ ഒട്ടനവധി സാമ്പത്തിക ഇടപാടുകള്‍ സി.എം.ആര്‍.എല്‍. – എക്‌സാലോജിക് കമ്പനികള്‍ക്കിടയില്‍ നടന്നിട്ടുണ്ടെന്നാണ് എസ്.എഫ്.ഐ.ഒ. വ്യക്തമാക്കുന്നത്. യാതൊരുവിധ വാണിജ്യ യുക്തിയുമില്ലാത്ത ഇത്തരം ഇടപാടുകള്‍ കള്ളപ്പണം വെളുപ്പിക്കലിന്റെയും മാസപ്പടിയുടെയും പരിധിയില്‍ വരുന്നതാണെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.

ഐ.ടി. കണ്‍സല്‍ട്ടന്റ് എന്ന നിലയിലുള്ള വീണ വിജയന്റെ ഇടപെടലുകള്‍ മൂലം സി.എം.ആര്‍.എല്ലിന്റെ ഐ.ടി. ഇന്‍ഫ്രാസ്ട്രക്ചറില്‍ എന്തെങ്കിലും തരത്തിലുള്ള പരിഷ്‌കാരങ്ങളോ പുരോഗതിയോ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് മുന്നിലും വ്യക്തമായ തെളിവുകള്‍ നിരത്താന്‍ എക്‌സാലോജിക്കിനായിട്ടില്ല. ഡിജിറ്റല്‍ തെളിവുകള്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ട നിലയിലാണെങ്കിലും ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള പണത്തിന്റെ ഒഴുക്കും നിലവിലെ മൊഴികളും പ്രതികളെ കടുത്ത നിയമക്കുരുക്കിലേക്ക് നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.