
കൊച്ചി: പ്രയാഗ്‌രാജിലെ കുംഭമേളയിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഉത്തരേന്ത്യൻ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് മധ്യപ്രദേശ് പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍, ഭർത്താവ് ഫർമാൻ ഖാൻ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ജൂണ്‍ രണ്ടിലേക്ക് മാറ്റി കേരള ഹൈക്കോടതി.
മുൻകൂർ ജാമ്യ ഹർജിയില്‍ ഭേദഗതി ആവശ്യപ്പെടുന്ന അപേക്ഷയില്‍ അന്ന് ഉത്തരവും പുറപ്പെടുവിക്കും. അതുവരെ അറസ്റ്റ് വിലക്കുന്ന ഇടക്കാല ഉത്തരവ് നീട്ടുകയും ചെയ്തു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെതാണ് ഇടക്കാല ഉത്തരവ്.
എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത് മധ്യപ്രദേശില്‍ ആയതിനാല്‍ കേരള ഹൈക്കോടതിയില്‍ മുൻകൂർ ജാമ്യ ഹർജി നിലനില്‍ക്കില്ലെന്ന വാദം മധ്യപ്രദേശ് സർക്കാർ ഉന്നയിച്ചിരുന്നു. തുടർന്നാണ് മധ്യപ്രദേശിലേക്ക് പോയാല്‍ ആക്രമിക്കുമെന്ന ഭയമുണ്ടെന്നതടക്കമുള്ള വാദം ഉന്നയിച്ച് ഹർജി ഭേദഗതിചെയ്യാൻ അപേക്ഷ നല്‍കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനെ മധ്യപ്രദേശ് സർക്കാരിനായി ഹാജരായ അഡീഷണല്‍ സോളിസിറ്റർ ജനറല്‍ എസ്.വി. രാജു എതിർത്തു. പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരവും മധ്യപ്രദേശില്‍ കേസെടുത്തിട്ടുണ്ടെന്നും വിശദീകരിച്ചു. തുടർന്നാണ് ഭേദഗതി അപേക്ഷയില്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയത്.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് പിതാവ് മധ്യപ്രദേശ് പോലീസിന് നല്‍കിയ പരാതിയെ തുടർന്നാണ് അവിടെ കേസ് രജിസ്റ്റർ ചെതത്. തുടർന്ന് ഫർമാൻ ഖാനും വൈറല്‍ താരമായ യുവതിയും കേരള ഹൈക്കോടതിയില്‍ മുൻകൂർ ജാമ്യ ഹർജി ഫയല്‍ ചെയ്തത്. സിനിമയില്‍ അഭിനയിക്കുന്ന തങ്ങള്‍, പ്രണയത്തിലായെന്നും മാർച്ച് 11-ന് കേരളത്തില്‍വെച്ച് വിവാഹിതരായെന്നും ഭാര്യാഭർത്താക്കന്മാരായി ജീവിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യഹർജി ഫയല്‍ ചെയ്തത്.







