Spread the love

നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് നടത്തുന്ന പുനപരീക്ഷയിൽ വീഴ്ചകളൊന്നും ഉണ്ടാകാതിരിക്കാൻ പ്രധാനമന്ത്രി നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആണ് സുപ്രീം കോടതിയെ ഇക്കാര്യം അറിയിച്ചത്. ജൂൺ 21ന് നടക്കാനിരിക്കുന്ന പരീക്ഷയ്ക്കായി ചില പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. നീറ്റ് യുജി പരീക്ഷയിൽ ഉണ്ടായ ക്രമക്കേടിൻ്റെ പശ്ചാത്തലത്തിൽ പരീക്ഷാ നടത്തിപ്പിൽ സമഗ്രമായ അഴിച്ചുപണി ആവശ്യപ്പെട്ട സമർപ്പിച്ച ഹർജികളിലാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വിശദീകരണം നൽകിയത്.

video
play-sharp-fill

ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ, യുണൈറ്റഡ് ഡോക്ടേഴ്സ് ഫ്രണ്ട് എന്നീ സംഘടനകളാണ് ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. പരീക്ഷാ നടത്തിപ്പിലുള്ള ഉത്തരവാദിത്തം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള കാര്യങ്ങൾ സംഭവിക്കുന്നത് യഥാർത്ഥത്തിൽ വലിയ മാനസികാഘാതമുണ്ടാക്കുന്നതാണെന്നും നമ്മുടെ യുവാക്കളെ നിരാശപ്പെടുത്താൻ പാടില്ലെന്നും സുപ്രീം കോടതി പറഞ്ഞു. തങ്ങൾ യുവാക്കളുടെ കാര്യത്തിലാണ് ഇടപെടുന്നതെന്നും അവരുടെ ആശങ്കകളെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും കേന്ദ്രം മറുപടി നൽകി.