
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ കമ്പനികളിലൊന്നായ മെറ്റ വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കായി പുതിയ പെയ്ഡ് സബ്സ്ക്രിപ്ഷൻ പദ്ധതികള്‍ അവതരിപ്പിച്ചു.
പരസ്യ വരുമാനത്തെ മാത്രം ആശ്രയിക്കാതെ ഉപയോക്താക്കളില്‍ നിന്ന് നേരിട്ട് വരുമാനം നേടാനുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇൻസ്റ്റഗ്രാം പ്ലസ്, ഫേസ്ബുക്ക് പ്ലസ് എന്നിവയ്ക്ക് പ്രതിമാസം 3.99 ഡോളറും വാട്സ്ആപ്പ് പ്ലസിന് 2.99 ഡോളറുമാണ് നിലവിലെ അന്താരാഷ്ട്ര നിരക്ക്.
ഇന്ത്യയിലെ ഔദ്യോഗിക നിരക്കുകള്‍ കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രീമിയം പ്ലാനുകളുമായി മെറ്റ
ഇൻസ്റ്റഗ്രാം പ്ലസ് ഉപയോക്താക്കള്‍ക്ക് സാധാരണ അക്കൗണ്ടുകളില്‍ ലഭിക്കാത്ത നിരവധി പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കും. സ്റ്റോറി വീണ്ടും കണ്ടവരുടെ എണ്ണം അറിയുക, കൂടുതല്‍ ആളുകള്‍ക്കായി സ്റ്റോറി പ്രദർശിപ്പിക്കുക തുടങ്ങിയ ഫീച്ചറുകള്‍ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു.
കൂടാതെ പ്രത്യേക ഫോണ്ടുകള്‍, ആനിമേറ്റഡ് ‘സൂപ്പർ ഹാർട്ട്’ റിയാക്ഷനുകള്‍, കസ്റ്റമൈസ്ഡ് ആപ്പ് ഐക്കണുകള്‍ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാകും.
ഫേസ്ബുക്ക് പ്ലസിലും സമാനമായ വ്യക്തിഗത ക്രമീകരണങ്ങളും പ്രൊഫൈല്‍ കസ്റ്റമൈസേഷൻ സംവിധാനങ്ങളും ഉണ്ടാകുമെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
അതേസമയം, വാട്സ്ആപ്പ് പ്ലസ് പ്രധാനമായും മെസേജിംഗ് അനുഭവം കൂടുതല്‍ വ്യക്തിഗതമാക്കുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ തീമുകള്‍, പ്രത്യേക റിങ്ടോണുകള്‍, പ്രീമിയം സ്റ്റിക്കറുകള്‍, കൂടുതല്‍ പിൻ ചെയ്ത ചാറ്റുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.
എന്താണ് മെറ്റാ വണ്‍?
‘മെറ്റാ വണ്‍’ എന്ന പേരില്‍ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് അധിഷ്ഠിത സബ്സ്ക്രിപ്ഷൻ പദ്ധതികളും മെറ്റ അവതരിപ്പിച്ചു. ഇമേജ് നിർമ്മാണം, വീഡിയോ ക്രിയേഷൻ, ഉയർന്ന തലത്തിലുള്ള എ ഐ സേവനങ്ങള്‍ എന്നിവയ്ക്കായി ഉപയോക്താക്കള്‍ക്ക് പ്രത്യേക പ്ലാനുകള്‍ നല്‍കും. ഉയർന്ന ഉപയോഗ പരിധിയുള്ള പ്രീമിയം പതിപ്പുകള്‍ക്കും കമ്പനി പദ്ധതിയിടുന്നുണ്ട്. കൂടാതെ, കണ്ടന്റ് ക്രിയേറ്റർമാർക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കുമായി പുതിയ പ്രൊഫഷണല്‍ പ്ലാനുകളും അവതരിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ റീച്ച്, വിശകലന ടൂളുകള്‍, മനുഷ്യ സഹായത്തോടെ കസ്റ്റമർ സപ്പോർട്ട് തുടങ്ങിയ സേവനങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് ഉപയോഗിക്കുന്ന രീതിയില്‍ വലിയ മാറ്റങ്ങള്‍ വരുത്താൻ മെറ്റയുടെ പുതിയ നീക്കങ്ങള്‍ക്ക് സാധ്യതയുണ്ട് എന്നാണ് സാങ്കേതിക വിദഗ്ധരുടെ വിലയിരുത്തല്‍.







