Spread the love

എറണാകുളം: തമ്മനം സ്വദേശിനിയുടെ വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റിനല്‍കുന്നതില്‍ 24 വർഷത്തിലേറെ കാലതാമസം വരുത്തിയ സംഭവത്തില്‍ കെഎസ്‌ഇബിക്കെതിരെ ഇലക്‌ട്രിസിറ്റി ഓംബുഡ്സ്മാന്റെ കടുത്ത വിമർശനം. പരാതിക്കാരിയായ റീത്ത പി. അന്തോണിക്ക് 4.49 ലക്ഷം രൂപ നഷ്ടപരിഹാരവും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും പലിശ സഹിതം നല്‍കാനാണ് ഉത്തരവ്.

video
play-sharp-fill

1998 മാര്‍ച്ച് 13ന് വാങ്ങിയ വീടിന്റെ വൈദ്യുതി കണക്ഷൻ സ്വന്തം പേരിലാക്കാനും സിംഗിള്‍ ഫേസ് കണക്ഷൻ ത്രീഫേസാക്കാനുമായി റീത്ത പാലാരിവട്ടം സെക്ഷൻ ഓഫീസില്‍ അപേക്ഷയും 9,200 രൂപ ഫീസും നല്‍കിയിരുന്നു. ത്രീഫേസ് കണക്ഷൻ ലഭിച്ചെങ്കിലും ഉടമസ്ഥാവകാശം മാറ്റുന്ന നടപടി പൂര്‍ത്തിയായില്ല. പലതവണ ഓഫീസില്‍ ബന്ധപ്പെട്ടിട്ടും വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നടപടി നീണ്ടുപോയെന്നാണ് പരാതി. വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ തേടിയപ്പോള്‍ അപേക്ഷയും അനുബന്ധ രേഖകളും ഓഫീസിലില്ലെന്നായിരുന്നു വിശദീകരണം. ഒടുവില്‍ 2022 നവംബര്‍ 3നാണ്, അപേക്ഷ നല്‍കി 24 വർഷവും ഏഴ് മാസവും കഴിഞ്ഞ് കണക്ഷൻ റീത്തയുടെ പേരിലാക്കിയത്.

കേസില്‍ കെഎസ്‌ഇബിയുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയ ഓംബുഡ്സ്മാൻ, 8,987 ദിവസത്തെ കാലതാമസത്തിന് പ്രതിദിനം 50 രൂപ വീതം 4,49,350 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. സെക്യൂരിറ്റി ഡിപ്പോസിറ്റ് തുകയുമായി ബന്ധപ്പെട്ട നഷ്ടങ്ങള്‍ക്ക് 24 വർഷത്തേക്ക് 18 ശതമാനം പിഴപ്പലിശയും മുൻഗണനാ സേവനത്തിനായി ഈടാക്കിയ 4,700 രൂപ ബാങ്ക് പലിശ സഹിതം തിരികെ നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാനും ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group