
കോട്ടയം : കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നിന്നും വീണ്ടും പാമ്പിനെ പിടികൂടി.
ആശുപത്രിയിലെ പേ വാർഡ് കെട്ടിടത്തിൽ നിന്നാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്.
കഴിഞ്ഞ കുറച്ചുകാലമായി ആശുപത്രി വളപ്പിൽ അടിക്കടി പാമ്പുകളെ കാണുന്നത് രോഗികളെയും അവരുടെ കൂട്ടിരിപ്പുകാരെയും ജീവനക്കാരെയും കടുത്ത ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
ആശുപത്രി പരിസരത്ത് പാമ്പുകളുടെ ശല്യം ഇതാദ്യമല്ല. കഴിഞ്ഞ ഏപ്രിൽ 29-നും സമാനമായ രീതിയിൽ ആശുപത്രി വളപ്പിൽ നിന്ന് പാമ്പിനെ പിടികൂടിയിരുന്നു. അതിനുശേഷമുള്ള ഒരു മാസത്തിനിടയിൽ മാത്രം രണ്ട് തവണയാണ് ഇവിടെ നിന്നും പാമ്പുകളെ പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും ജീവന് തന്നെ ഭീഷണിയാകുന്ന രീതിയിൽ മൂർഖൻ പാമ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആശുപത്രിയും പരിസരവും കൃത്യമായി ശുചീകരിക്കാത്തതും കാടുപിടിച്ചു കിടക്കുന്നതുമാണ് പാമ്പുകൾ താവളമാക്കാൻ കാരണമെന്നാണ് ആക്ഷേപം.
രോഗികൾ ഭയമില്ലാതെ എത്തുന്ന ആശുപത്രി വളപ്പിലെ പാമ്പ് ശല്യത്തിന് എത്രയും വേഗം ശാശ്വതമായ പരിഹാരം കാണണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.







