Spread the love

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ ലെഗ് സ്പിന്നര്‍ റാഷിദ് ഖാനെ ഏകദിന പരമ്പരയിലേക്ക് തിരിച്ചുവിളിച്ചെങ്കിലും, ഏക ടെസ്റ്റ് മത്സരത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയില്ല. കടുത്ത പുറംവേദനയെത്തുടര്‍ന്ന് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതായി റാഷിദ് ഖാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.

video
play-sharp-fill

കരിയറില്‍ മുമ്പ് കഴിഞ്ഞ ശസ്ത്രക്രിയയ്ക്ക് ശേഷം ദൈര്‍ഘ്യമേറിയ ടെസ്റ്റ് ഫോര്‍മാറ്റ് ഉയര്‍ത്തുന്ന ശാരീരിക വെല്ലുവിളികള്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ജൂണ്‍ 6 മുതല്‍ ജൂണ്‍ 20 വരെ നീണ്ടുനില്‍ക്കുന്ന പര്യടനത്തിലെ രണ്ട് ഫോര്‍മാറ്റുകളിലും ഹഷ്മത്തുള്ള ഷാഹിദിയാണ് അഫ്ഗാനിസ്ഥാനെ നയിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂണ്‍ 6 മുതല്‍ 10 വരെ ന്യൂ ചണ്ഡീഗഢിലാണ് ഏക ടെസ്റ്റ് മത്സരം നടക്കുക. തുടര്‍ന്ന് ധരംശാല (ജൂണ്‍ 14), ലഖ്നൗ (17), ചെന്നൈ (20) എന്നിവിടങ്ങളിലായി മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും നടക്കും.

2024 മാര്‍ച്ചിന് ശേഷം ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത റാഷിദിന് പകരം ഷറഫുദ്ദീന്‍ അഷ്റഫ്, ഖൈസ് അഹമ്മദ് എന്നിവരാണ് ടെസ്റ്റില്‍ സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കൈകാര്യം ചെയ്യുക.

ടെസ്റ്റ് ടീം ബാറ്റിങ് നിരയില്‍ റഹ്മത് ഷാ, റഹ്മാനുള്ള ഗുര്‍ബാസ്, അസ്മത്തുള്ള ഒമര്‍സായ് എന്നിവര്‍ മധ്യനിരയില്‍ ഉത്തരവാദിത്തം ഏറ്റെടുക്കും. വിക്കറ്റ് കീപ്പര്‍മാരായി അഫ്‌സര്‍ സസായിയും ഇക്രാം അലിഖിലും ടീമിലുണ്ട്.

ബിലാല്‍ സാമി, സിയാ ഷരീഫി, സലീം സഫി എന്നിവരാണ് പേസ് നിര നയിക്കുക. ഏകദിനത്തില്‍ കരുത്തുറ്റ ബാറ്റിങ് നിരയുമായാണ് അഫ്ഗാന്‍ ഏകദിനത്തിന് ഇറങ്ങുന്നത്. ഓപ്പണര്‍ ഇബ്രാഹിം സദ്രാന്‍, സെദിഖുള്ള അടല്‍, ദര്‍വിഷ് റസൂലി എന്നിവര്‍ മടങ്ങിയെത്തി.

വെറ്ററന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബിയും റാഷിദ് ഖാനും ടീമിന് കൂടുതല്‍ കരുത്ത് പകരും. മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഐപിഎല്ലില്‍ മികച്ച പ്രകടനം (11 മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റ്) കാഴ്ചവെച്ച യുവ മിസ്റ്ററി സ്പിന്നര്‍ എ.എം. ഗസന്‍ഫറും ഏകദിന ടീമില്‍ ഇടംനേടിയിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍ സ്‌ക്വാഡുകള്‍ അറിയാം..

ടെസ്റ്റ് സ്‌ക്വാഡ്: ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), അബ്ദുള്‍ മാലിക്, സെദിഖുള്ള അടല്‍, റഹ്മത് ഷാ, റഹ്മാനുള്ള ഗുര്‍ബാസ്, റഹ്മാനുള്ള സദ്രാന്‍, അഫ്‌സര്‍ സസായി (വിക്കറ്റ് കീപ്പര്‍), ഇക്രാം അലിഖില്‍ (വിക്കറ്റ് കീപ്പര്‍), അസ്മത്തുള്ള ഒമര്‍സായ്, ഷറഫുദ്ദീന്‍ അഷ്റഫ്, നംഗ്യാല്‍ ഖരോട്ടി, ഖൈസ് അഹമ്മദ്, ബിലാല്‍ സാമി, സിയാ ഷരീഫി, സലീം സഫി.

ഏകദിന സ്‌ക്വാഡ്: ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, സെദിഖുള്ള അടല്‍, ദര്‍വിഷ് റസൂലി, റഹ്മത് ഷാ, ഇക്രാം അലിഖില്‍ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നബി, അസ്മത്തുള്ള ഒമര്‍സായ്, റാഷിദ് ഖാന്‍, നംഗ്യാല്‍ ഖരോട്ടി, എ.എം. ഗസന്‍ഫര്‍, സിയാ ഉര്‍ റഹ്മാന്‍ ഷരീഫി, ഫരീദ് മാലിക്, ബിലാല്‍ സാമി.