
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ പത്തൊമ്പതുകാരി അത്യാഹിത വിഭാഗത്തിലെ ശൗചാലയത്തില്‍ പ്രസവിക്കുകയും കുഞ്ഞിനെ വെന്റിലേഷനിലൂടെ പുറത്തേക്ക് എറിയുകയും ചെയ്ത സംഭവത്തില്‍ നിർണായക വെളിപ്പെടുത്തലുമായി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ.
തിങ്കളാഴ്ച രാത്രി കടുത്ത വയറുവേദനയുമായി എത്തിയ പെണ്‍കുട്ടിയോട് ഗർഭിണിയാണോ എന്ന് പലതവണ ചോദിച്ചിട്ടും താൻ ഗർഭിണിയല്ലെന്ന ഉറച്ച നിലപാടിലായിരുന്നു അവരെന്ന് ഡോക്ടർ മാധ്യമങ്ങളോട് പ്രതികരിച്ചു.
“തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടെ കടുത്ത വയറുവേദനയും നടുവേദനയുമായാണ് പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ആർത്തവ സംബന്ധമായ വേദനയാണെന്നാണ് ഞങ്ങളോട് പറഞ്ഞത്. എന്നാല്‍ കുട്ടിയുടെ വയറ് കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് സംശയം തോന്നിയിരുന്നു. ഞാനും ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ഡോക്ടർമാരും നേഴ്‌സുമാരുമെല്ലാം പിരിയഡ്‌സ് മിസ്സായിട്ടുണ്ടോ എന്ന് നിരന്തരം ചോദിച്ചെങ്കിലും ആർത്തവം കൃത്യമാണെന്നാണ് കുട്ടി പറഞ്ഞത്. വയറ്റില്‍ കൊഴുപ്പടിഞ്ഞതുപോലെ സംശയമുണ്ടെന്നും മുൻപ് സ്‌കാൻ ചെയ്തപ്പോള്‍ അങ്ങനെ റിപ്പോർട്ട് വന്നിട്ടുണ്ടെന്നും പറഞ്ഞ് ഗർഭിണിയാണെന്ന വിവരം കുട്ടി പൂർണ്ണമായും മറച്ചുവെക്കുകയായിരുന്നു.”
ആശുപത്രിയില്‍ ഒബ്‌സർവേഷനില്‍ ഇരിക്കെ ചൊവ്വാഴ്ച പുലർച്ചെ ഏകദേശം രണ്ട് മണിയോടെയാണ് പെണ്‍കുട്ടി അത്യാഹിത വിഭാഗത്തിലെ ശുചിമുറിയില്‍ വെച്ച് പ്രസവിക്കുന്നത്. പ്രസവിച്ച ഉടൻ തന്നെ വിവരം ആരോടും പറയാതെ നവജാതശിശുവിനെ ശുചിമുറിയുടെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. ഒബ്‌സർവേഷൻ റൂമിലിരിക്കെ പുറത്തുനിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേട്ട് അസിസ്റ്റന്റുമാരും ഡോക്ടർമാരും ഓടിച്ചെന്ന് കെട്ടിടത്തിന്റെ പിറകില്‍ പരിശോധിച്ചപ്പോഴാണ് ചോരക്കുഞ്ഞിനെ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഞ്ഞിനെ കണ്ടെത്തിയ ഉടൻ തന്നെ ആശുപത്രി ജീവനക്കാർ ആവശ്യമായ പ്രാഥമിക ശ്രുശ്രൂഷകള്‍ നല്‍കി. നിലവില്‍ അമ്മയെയും പെണ്‍കുഞ്ഞിനെയും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇരുവരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
എറണാകുളത്ത് പഠിക്കുന്ന പെണ്‍കുട്ടി താൻ ഗർഭിണിയായ വിവരം വീട്ടുകാരോട് പറഞ്ഞിരുന്നില്ലെന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൂടെയുണ്ടായിരുന്ന വീട്ടുകാർക്കും ഈ വിവരങ്ങള്‍ അറിയില്ലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഹരിപ്പാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്.







