Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച്‌ നടക്കുന്ന ലഹരി വില്‍പ്പന ഇല്ലാതാക്കാനായി ‘ഓപ്പറേഷൻ തൂഫാൻ, നാർക്കോ ഹണ്ട്’ എന്ന പേരില്‍ ഓപ്പറേഷൻ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസ് സ്റ്റേഷനുകള്‍ ജനസേവാ കേന്ദ്രങ്ങളാക്കുമെന്നും മന്ത്രി പറഞ്ഞു.

video
play-sharp-fill

ഉന്നത ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ‘എല്ലാ പൊലീസ് സ്റ്റേഷനുകളും വൃത്തിയായി സൂക്ഷിക്കാനുള്ള നടപടികള്‍ ആരംഭിക്കും. വർഷങ്ങളായി സ്റ്റേഷനുകളില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ പൊലീസ് ആക്‌ട് പ്രകാരം മാറ്റും. കേരളത്തിലെ 484 പൊലീസ് സ്റ്റേഷനുകള്‍ക്കും ഒരു പുതിയ മുഖം ഉണ്ടാകും. പ്രവർത്തനങ്ങളിലും കാര്യക്ഷമമായ മാറ്റങ്ങളുണ്ടാകും. പൊലീസ് സ്റ്റേഷനുകള്‍ ജനസേവാ കേന്ദ്രങ്ങളാക്കി മാറ്റും.

സംസ്ഥാനത്ത് വളരെ വലിയ തോതില്‍ മയക്കുമരുന്ന് കച്ചവടം നടക്കുന്നുണ്ട്. പ്രത്യേകിച്ച്‌ സ്‌കൂള്‍, കോളേജ് വിദ്യാർത്ഥികളെയാണ് ഇത്തരം സംഘങ്ങള്‍ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നത്. ഇതിനെതിരെ ‘ഓപ്പറേഷൻ തൂഫാൻ, നാർക്കോ ഹണ്ട്’ , എന്ന പേരില്‍ ഓപ്പറേഷൻ ആരംഭിക്കുകയാണ്. കേരളത്തിലെ മയക്കുമരുന്നിന്റെ വേരറുക്കാനാണ് ഈ ഓപ്പറേഷൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനങ്ങളുടെ ശ്രദ്ധയില്‍വരുന്ന ഏതൊരു സംഭവവും തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കാം. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനാണ് മുൻതൂക്കം നല്‍കിയിട്ടുള്ളത്. നമ്മുടെ ഭാവി തലമുറയ്‌ക്ക് വേണ്ടിയുള്ള വലിയൊരു ഓപ്പറേഷനാണിത്. ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്ന ദിവസം മുതല്‍ ഇത് ആരംഭിക്കും.

സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ആക്രമണങ്ങളില്‍ കർശന നടപടിയെടുക്കും. ജനമൈത്രി പൊലീസ് ശക്തിപ്പെടുത്താനും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്ക് പ്രാധാന്യം കൊടുക്കാനും യോഗത്തില്‍ തീരുമാനിച്ചു. കേരളത്തിലെ ഡിജിപി മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായും ബന്ധപ്പെടും. സിന്തറ്റിക് ഡ്രഗ്‌സ്, ഹൈബ്രിഡ് കഞ്ചാവ് എന്നിവ കേരളത്തിലേക്ക് വരുന്ന സംസ്ഥാനങ്ങളുമായും ബന്ധപ്പെടും. പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.

കേരളത്തില്‍ വർദ്ധിച്ചുവരുന്ന റോഡപകടങ്ങള്‍ കുറയ്‌ക്കാനുള്ള നടപടികളും സ്വീകരിക്കും. സൈബർ ക്രൈമുകള്‍ ഇല്ലാതാക്കാൻ ടെക്‌നോളജി കൂടുതല്‍ ശക്തിപ്പെടുത്തും’ – രമേശ് ചെന്നിത്തല പറഞ്ഞു.