Spread the love

17കാരിയായ പെൺകുട്ടിയുമായി ഒളിച്ചോടിയ യുവാവിനെ പെൺകുട്ടിയുടെ വീട്ടുകാർ ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഒളിച്ചോടിയെന്ന പേരിലുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം നടത്തിയത്. രാജസ്ഥാനിലെ ഭിവാഡി സ്വദേശിയായ 21കാരനായ മോനു എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ബാഡ്മിന്റൺ താരം കൂടിയായ യുവാവിനെ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

video
play-sharp-fill

ഒരു മാസം മുമ്പ് മോനുവും തിഗാവ് സ്വദേശിയായ പതിനേഴുകാരിയും ഒളിച്ചോടിയിരുന്നു. ഇതിനെ തുടർന്ന് പെൺകുട്ടിയുടെ കുടുംബം പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് പെൺകുട്ടിയെ കണ്ടെത്തുകയും, മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു. തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നാണ് പെൺകുട്ടി മജിസ്ട്രേറ്റിന് മൊഴി നൽകിയത്. എന്നാൽ ഇതിനിടയിൽ കാണാതായ മോനുവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയായിരുന്നു. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് തിഗാവ് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ പോവുകയാണെന്ന് വീട്ടുകാരെ അറിയിച്ച് രണ്ട് ദിവസം മുമ്പ് ഇറങ്ങിയ മോനുവിനെ പിന്നീട് കാണാതാവുകയായിരുന്നു.

ബുധനാഴ്ച പെൺകുട്ടിയുടെ കുടുംബം തന്നെയാണ് മോനുവിനെ തങ്ങൾ പിടികൂടിയ വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് സംഭവസ്ഥലത്ത് എത്തിയപ്പോൾ യുവാവ് അതിക്രൂരമായ മർദ്ദനത്തിന് ഇരയായതായും ശരീരമാസകലം ഗുരുതരമായ പരിക്കുകളോടെ അബോധാവസ്ഥയിലാണെന്നും കണ്ടെത്തി. മൂന്ന് ദിവസത്തോളം യുവാവിനെ പെൺകുട്ടിയുടെ വീട്ടുകാർ ബന്ധിയാക്കി ക്രൂരമായി പീഡിപ്പിച്ചതായാണ് വിവരം. ഉടൻ തന്നെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group