
മലപ്പുറം: ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി വനിത മരിച്ചു. പൊന്നാനി വെളിയങ്കോട് സ്വദേശിനി ബഷീറ (42)യാണ് മരിച്ചത്. കുടുംബത്തോടൊപ്പം കശ്മീരിലേക്ക് കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഹരിയാനയിലെ ഫിറോസ്പൂരിൽ അപകടം ഉണ്ടായത്.
ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ മുന്നിൽ പോയിരുന്ന ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ബഷീറ മരിച്ചു. ഭർത്താവ് അബ്ദുൽ ജലീൽ (49), മക്കളായ ലാസിം അബൂബക്കർ, മുഹമ്മദ് ഷാരിഖ് എന്നിവർക്ക് പരിക്കേറ്റു. അബ്ദുല്‍ ജലീലിന്റെ പരിക്ക് ഗുരുതരമാണ്. ഷാര്‍ജയില്‍ നിന്ന് ദിവസങ്ങള്‍ക്കുമുമ്പ് എത്തിയ ഭര്‍ത്താവിനോടൊപ്പം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വിനോദയാത്ര പോയതായിരുന്നു ബഷീറ.
മൂന്ന് ദിവസം മുൻപാണ് കുടുംബം നാട്ടിൽ നിന്ന് യാത്ര തിരിച്ചത്. അപകടസമയത്ത് മകൻ ലാസിം അബൂബക്കറായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ഡൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ വിമാന മാർഗം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







