
കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയിട്ടുള്ള നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മക്കൾ നീതി മയ്യം പ്രസിഡൻ്റ് കമൽഹാസൻ എംപി രംഗത്ത്. ആഗോള പ്രതിസന്ധിയെ തുടർന്നുള്ള സാമ്പത്തിക ഭാരം സാധാരണക്കാരൻ്റെ ചുമലിലേക്ക് അടിച്ചേൽപ്പിക്കരുതെന്ന് കമൽഹാസൻ പറഞ്ഞു. പൗരന്മാരിൽ നിന്ന് മാത്രം ത്യാഗം പ്രതീക്ഷിക്കരുതെന്നും സർക്കാരുകൾ സാമ്പത്തിക ഭാരം പങ്കിടണമെന്നും കമൽഹാസൻ ആവശ്യപ്പെട്ടു. വീഡിയോ സന്ദേശത്തിലാണ് രാജ്യസഭ എംപിയായ കമൽഹാസന്റെ പ്രതികരണം.
പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയിട്ടുള്ള വാറ്റ് പോലുള്ള സംസ്ഥാന നികുതികൾ കുറയ്ക്കണം. ട്രെയിൻ, മെട്രോ, ബസ് നിരക്കുകളും കുറയ്ക്കണം. അതുവഴി സ്വകാര്യ വാഹനങ്ങളിൽനിന്ന് കൂടുതൽ ആളുകൾക്ക് പൊതുഗതാഗത സംവിധാനങ്ങളിലേക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു. ഐക്യത്തിലൂടെയും പങ്കിട്ട ത്യാഗത്തിലൂടെയും യുദ്ധങ്ങളെയും ക്ഷാമങ്ങളെയും ആഗോള പ്രതിസന്ധികളെയും ഇന്ത്യ മുൻപും അതിജീവിച്ചിട്ടുണ്ട്. ആ ദേശീയ വീര്യം വീണ്ടും ഉണർത്തേണ്ട നിമിഷമാണിത്. ഇങ്ങനെയുള്ള സമയങ്ങളിൽ പാർട്ടിരാഷ്ട്രീയത്തിന് അതീതമായി ദേശീയ ഉത്തരവാദിത്തം ഉയർന്നുനിൽക്കണം എന്നും അദ്ദേഹം പറഞ്ഞു.






