
ഹരിപ്പാട്: ചെറുതന പഞ്ചായത്ത് ഒന്നാം വാർഡില്‍ മുടിയിക്കുഴി റോഡിന്റെ പകുതിയോളം ഭാഗം ആറ്റിലേക്ക് ഇടിഞ്ഞുതാഴ്ന്നു. ഇറിഗേഷൻ വകുപ്പിന്റെ പൈലിങ്, കല്‍ക്കെട്ട് പണികള്‍ക്കായി ജെസിബി ഉപയോഗിച്ച് മണ്ണെടുത്തതാണ് റോഡ് ഇടിയാൻ കാരണമായത്. മണ്ണെടുത്ത് ദിവസങ്ങളായിട്ടും കരാറുകാർ കല്‍ക്കെട്ട് പണി തുടങ്ങാതിരുന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റോഡ് വലിയ തോതില്‍ ഇടിഞ്ഞ് ആറ്റിലേക്ക് പോവുകയായിരുന്നു.
റോഡ് ഇടിഞ്ഞതോടെ ഇതിനടിയിലൂടെ കടന്നുപോയ പ്രധാന കുടിവെള്ള പൈപ്പ് ലൈനും പൊട്ടി. ഇതോടെ പ്രദേശത്തെ മുപ്പതോളം കുടുംബങ്ങളുടെ കുടിവെള്ള വിതരണം പൂർണമായി തടസപ്പെട്ടു. തുടർന്ന് താല്‍ക്കാലികമായി പൈപ്പ് ലൈൻ പുനഃസ്ഥാപിച്ചെങ്കിലും നിലവില്‍ നേരിയ രീതിയില്‍ മാത്രമാണ് വെള്ളം ലഭിക്കുന്നത്. മുമ്പ് വലിയ വാഹനങ്ങള്‍ കടന്നുപോയിരുന്ന റോഡിലൂടെ ഇപ്പോള്‍ ഇരുചക്ര വാഹനങ്ങള്‍ക്കോ ഓട്ടോറിക്ഷകള്‍ക്കോ പോലും യാത്ര ചെയ്യാൻ കഴിയില്ല.
പ്രദേശവാസികളുടെ ഏക യാത്രാമാർഗമാണ് ഇതോടെ അടഞ്ഞത്. റോഡ് തകർന്നതോടെ പ്രദേശത്തെ പ്രായമായവർക്കും കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന രോഗികള്‍ക്കും ആശുപത്രികളില്‍ പോകാൻ വാഹനം വിളിക്കാൻ കഴിയാത്തത് ജനങ്ങളെ കടുത്ത ആശങ്കയിലാക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിഷേധത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറും സ്ഥലം സന്ദർശിച്ചു. പ്രായമായവരുടെയും രോഗികളുടെയും അവസ്ഥ പരിഗണിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം.







