Spread the love

കോഴിക്കോട്: രണ്ടാംപിണറായി സർക്കാരിന്റെ കാലത്ത് തെളിവുകളുടെ അഭാവത്താല്‍ കോടതി കേസില്‍ വെറുതെവിട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കാൻ രഹസ്യാന്വേഷണ വിഭാഗത്തിന് നിർദേശം.
രാഷ്ട്രീയ, കൊലപാതക കേസുകള്‍ക്ക് പുറമെ, അഴിമതി, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍, പൊലിസുകാർക്കെതിരേയുള്ള കേസുകള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളാണ് ശേഖരിക്കേണ്ടത്. ഇന്റലിജൻസ് മേധാവി എ.ഡി.ജി.പി പി.വിജയനാണ് റിപ്പോർട്ട് തയാറാക്കാൻ നിർദേശം നല്‍കിയത്.

video
play-sharp-fill

2021 മുതല്‍ 2026 വരെയുള്ള കാലഘട്ടത്തില്‍ പൊലിസ് രജിസ്റ്റർ ചെയ്യുകയും വിചാരണ നേരിടുകയും ചെയ്തതില്‍ തെളിവുകളില്ലെന്ന കാരണത്താല്‍ പ്രതികള്‍ കുറ്റവിമുക്തരായ കേസുകളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഈ കേസുകളില്‍ ഉള്‍പ്പെട്ടവരെ കുറിച്ചും അന്വേഷിക്കാനാണ് നിർദേശം.

മുഖ്യമന്ത്രിയായി വി.ഡി സതീശൻ ചുമതലയേല്‍ക്കുന്നതിന് മുമ്പേ ഡി.ജി.പിയും ഇന്റലിജൻസ് മേധാവിയുമുള്‍പ്പെടെ സന്ദർശിച്ചിരുന്നു. കൂടാതെ നിയുക്ത ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയേയും ഉന്നത പൊലിസുദ്യോഗസ്ഥർ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ചിന്റെ എല്ലാ റേഞ്ചുകളിലേക്കും കോടതി ഡിസ്ചാർജ് ചെയ്ത കേസുകളുടെയും പ്രതിസ്ഥാനത്തുണ്ടായിരുന്നവരേയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാൻ നിർദേശമെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ക്രൂരമായി തല്ലിച്ചതച്ച സംഭവം അന്വേഷിക്കാൻ മുഖ്യമന്ത്രി വി.ഡി സതീശൻ നിർദേശം നല്‍കിയിരുന്നു.
നിലവിലെ ആലപ്പുഴ എം.എല്‍.എ എ.ഡി തോമസുള്‍പ്പെടെയുള്ളവർക്കായിരുന്നു മർദനമേറ്റത്. വിഡിയോ ദൃശ്യങ്ങളും സാക്ഷിമൊഴികളും ലഭ്യമായിരുന്നിട്ടും ക്രൈംബ്രാഞ്ച് ആരോപണവിധേയർ കുറ്റക്കാരല്ലെന്ന റിപ്പോർട്ടായിരുന്നു കോടതിയില്‍ സമർപ്പിച്ചത്. ഇത്തരത്തില്‍ രാഷ്ട്രീയ താല്‍പര്യം മുൻനിർത്തി അന്വേഷിച്ച കേസുകള്‍ ഏതെങ്കിലും കോടതി തള്ളിയിട്ടുണ്ടോയെന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. പൊലിസ് ‘ബോധപൂർവം’ വീഴ്ചകള്‍ വരുത്തിയിട്ടുണ്ടെങ്കില്‍ അവ കണ്ടെത്തുന്നതിനും തുടർനടപടികള്‍ സ്വീകരിക്കുന്നതിനുമാണ് റിപ്പോർട്ട് ശേഖരിക്കുന്നതെന്നാണ് സൂചന.

രാഷ്ട്രീയ കൊലപാതകമുള്‍പ്പെടെ പല കേസുകളിലും പൊലിസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന് അന്ന് പ്രതിപക്ഷത്തായിരുന്ന യു.ഡി.എഫ് ആരോപിച്ചിരുന്നു. കാസർകോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ശരത്ലാലും കൃപേഷും കൊല്ലപ്പെട്ട കേസിലും ശരിയായ അന്വേഷണം നടത്താതെയായിരുന്ന ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചതെന്നായിരുന്നു ആരോപണം.

പിന്നീട് സി.ബി.ഐ അന്വേഷണത്തിലൂടെയാണ് മുഴുവൻ പ്രതികളെയും പിടികൂടിയത്. പ്രതിപക്ഷ പ്രതിഷേധങ്ങളെ തുടർന്നും മറ്റും ചില കേസുകള്‍ കേന്ദ്രഏജൻസികള്‍ അന്വേഷിച്ചെങ്കിലും മറ്റുള്ളവ തെളിവുകളില്ലെന്ന് കണ്ട് കോടതി ഒഴിവാക്കി. ഈ കേസുകളെ കുറിച്ചുള്ള വിവരങ്ങളാണ് വീണ്ടും ശേഖരിക്കുന്നതെന്ന് ഇന്റലിജൻസ് വൃത്തങ്ങള്‍ വ്യക്തമാക്കി.