
ഡല്‍ഹി: വായ്പ തിരിച്ചടവ് വൈകുന്നതിന്റെ പേരില്‍ ഉപഭോക്താക്കളെ ബാങ്കുകള്‍ ഉപദ്രവിക്കുന്നത് തടയാനും, റിക്കവറി ഏജന്റുമാര്‍ ഇടപാടുകാരന്റെ വീട്ടിലെത്തി നടത്തുന്ന അപമാനങ്ങളും അപമര്യാദകളും തടയാനും ഇ എംഐ മുടങ്ങുമ്പോള്‍ ലോണില്‍ എടുത്ത മൊബൈല്‍ ഫോണുകള്‍ തെറ്റായ രീതിയില്‍ ബ്ലോക്ക് ചെയ്യുന്നത് തടയുന്നതിനും ചട്ടങ്ങളുമായി ആര്‍ബിഐ.
മെയ് 20 ബുധനാഴ്ച പുറത്തിറക്കിയ പുതുക്കിയ കരട് നിര്‍ദ്ദേശങ്ങള്‍, വായ്പയെടുക്കുന്നവരുടെ സംരക്ഷണം, സുതാര്യത, ബാങ്കുകളുടെ ഉത്തരവാദിത്തം എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍, ലോണില്‍ വാങ്ങിയ മൊബൈല്‍ ഫോണുകള്‍ ഉടന്‍ തന്നെ ബ്ലോക്ക് ചെയ്യുക, പ്രവര്‍ത്തനരഹിതമാക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നും വായ്പാദാതാക്കളെ തടയുന്നതാണ് നിയമം. കളക്ഷന് എത്തുന്ന റിക്കവറി ഏജന്റുമാരുടെയും ബാങ്ക് ഉദ്യോഗസ്ഥരുടെയും പെരുമാറ്റച്ചട്ടങ്ങളിലും ശുപാര്‍ശയുണ്ട്.
റിക്കവറി ഏജന്റുമാര്‍ക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സില്‍ നിന്നുള്ള നിര്‍ബന്ധിത സര്‍ട്ടിഫിക്കേഷന്‍ ഉണ്ടായിരിക്കണം.ബാങ്കുകള്‍ തങ്ങളുടെ പാനലിലുള്ള റിക്കവറി ഏജന്‍സികളുടെ വിവരങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും പരസ്യമായി പ്രസിദ്ധീകരിക്കണം. ഈ കരട് ചട്ടക്കൂട് അനുസരിച്ച്, അന്യായമോ അനുചിതമോ ആയ റിക്കവറി നടപടികള്‍ കാരണം ഉപഭോക്താക്കള്‍ക്ക് എന്തെങ്കിലും നഷ്ടം സംഭവിച്ചാല്‍ ബാങ്കുകള്‍ അവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടിവരും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിക്കവറിക്കായി ആദ്യം വീട്ടില്‍ എത്തുന്നതിന് മുന്‍പ് വായ്പയെടുത്തയാളെ വിവരം അറിയിക്കണം. വായ്പയെടുത്തവരെ ഭീഷണിപ്പെടുത്തുക, ഉപദ്രവിക്കുക പോലെയുള്ള കാര്യങ്ങളില്‍ നിന്നും സംരക്ഷണം നിയമങ്ങളില്‍ ശക്തമായ ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഉപഭോക്താവിന്റെ പരാതികള്‍ പരിഹരിക്കപ്പെടാതെ കിടക്കുകയാണെങ്കില്‍ റിക്കവറി കേസുകള്‍ മറ്റ് ഏജന്‍സികള്‍ക്ക് കൈമാറാന്‍ ബാങ്കുകള്‍ക്ക് അനുവാദമില്ല.
റിക്കവറി ഏജന്റുമാര്‍ക്ക് രാവിലെ 8 മണിക്കും വൈകുന്നേരം 7 മണിക്കും ഇടയില്‍ മാത്രമേ വായ്പക്കാരെ ബന്ധപ്പെടാന്‍ അനുവാദമുള്ളൂ.
സന്ദര്‍ശന വേളയില്‍ അവര്‍ സാധുവായ തിരിച്ചറിയല്‍ കാര്‍ഡും കത്തും കൈവശം കരുതണം. മരണവീടുകള്‍ അല്ലെങ്കില്‍ വിവാഹ ചടങ്ങുകള്‍ പോലുള്ള വൈകാരികമായ സന്ദര്‍ഭങ്ങളില്‍ വായ്പക്കാരെയോ ബാങ്കുകളെയോ ബന്ധപ്പെടുന്നതില്‍ നിന്നും ഏജന്റുമാരെ വിലക്കിയിട്ടുണ്ട്.
റിക്കവറി ഏജന്റുമാര്‍ വിളിക്കുന്ന കോളുകള്‍ റെക്കോര്‍ഡ് ചെയ്യാനും ആ റെക്കോര്‍ഡിംഗുകള്‍ കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും സൂക്ഷിക്കാനും ആര്‍ബിഐ ബാങ്കുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ക്രൂരമായോ നിര്‍ബന്ധിതവുമായോ ഉള്ള റിക്കവറി രീതികളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഇന്‍സെന്റീവ് ഘടനകള്‍ കരട് നിയമപ്രകാരം നിരോധിച്ചിരിക്കുന്നു.
ഒരു ലോണ്‍ തിരിച്ചടവ് 90 ദിവസത്തിലധികം മുടങ്ങിക്കിടന്നാല്‍ മാത്രമേ ബാങ്കുകള്‍ക്ക് മൊബൈല്‍ഫോണ്‍ പോലെയുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ കഴിയൂ. ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതിന് മുന്‍പായി ബാങ്കുകള്‍ 21 ദിവസത്തെ നോട്ടീസും അതോടൊപ്പം 7 ദിവസത്തെ അധിക മുന്നറിയിപ്പ് കാലാവധിയും നല്‍കണം. ഒരു ഉപകരണം തെറ്റായ രീതിയിലാണ് ബ്ലോക്ക് ചെയ്തതെങ്കില്‍, വായ്പക്കാര്‍ക്ക് മണിക്കൂറിന് 250 രൂപ നിരക്കില്‍ നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ട്.
ഏജന്റുമാരുടെ അമിതമായ റിക്കവറി തന്ത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഫെബ്രുവരിയിലാണ് ആര്‍ബിഐ ആദ്യമായി ഈ കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചത്. വായ്പയെടുത്തവരെ ഭീഷണിപ്പെടുത്തുന്നതോ പരസ്യമായി അപമാനിക്കുന്നതോ ‘ക്രൂരമായ രീതികള്‍’ ആയി കണക്കാക്കുമെന്ന് ആര്‍ബിഐ അന്ന് വ്യക്തമാക്കിയിരുന്നു.
കളക്ഷന്‍ രീതികളും ഉപഭോക്താവുമായുള്ള ഇടപെടലുകളും ഉള്‍പ്പെടുന്ന, ബോര്‍ഡ് അംഗീകരിച്ച ഒരു റിക്കവറി പോളിസി സാമ്പത്തിക സ്ഥാപനങ്ങള്‍ നടപ്പിലാക്കണമെന്ന് കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്. ഫോണ്‍ ബ്ലോക്ക് ചെയ്യുന്ന രീതികള്‍, പ്രത്യേകിച്ച് കുറഞ്ഞ വരുമാനമുള്ളവരുടെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അത്യാവശ്യ സേവനങ്ങളിലേക്കുള്ള പ്രവേശനത്തെ ബാധിച്ചേക്കാം. ഇത് തിരിച്ചടവിനായി അവരെ അനാവശ്യമായി സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നും അവരുടെ ഉപജീവനത്തെ ബാധിക്കുമെന്നും വിമര്‍ശകര്‍ വാദിച്ചിരുന്നു.
ഇത് ഉപഭോക്തൃ അവകാശങ്ങളെയും ഡാറ്റാ സംരക്ഷണത്തെയും കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുകയും ചെയ്യുന്നു. ഇതു കൂടാതെ ബാങ്കുകള്‍ വ്യക്തികളെ ദുരുപയോഗം ചെയ്യുന്നത് തടയാനും കര്‍ശനമായ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാണിക്കുന്നു







