
ലണ്ടന്‍: മാടപ്പള്ളിയിലെ ഐതിഹാസിക സമരമായി മാറിയ കെ റെയില്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ സമര പന്തല്‍ പൊളിക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ എത്തുന്നു.
അന്ന് നാട്ടുകാര്‍ക്ക് മൊത്തം മട്ടന്‍ ബിരിയാണി നല്‍കി ആഘോഷമാക്കും. ആ ബിരിയാണി എത്തുന്നത് ലണ്ടനില്‍ നിന്നും.സമര നായിക റോസ്ലിന്‍ ഫിലിപ് ഈ കാര്യങ്ങള്‍ അറിയിച്ചത്.
സമരത്തിന് തുടക്കം മുതല്‍ നെടുംതൂണ്‍ ആയി നിന്ന ലണ്ടണ്‍ ക്രോയ്ഡോണിലേ ജോജി എന്നറിയപ്പെടുന്ന തോമസ് ഫിലിപ് ആണ് ബിരിയാണി സ്പോൺസർ ചെയ്യുന്നത്.
ഇനിയുള്ള ആഘോഷങ്ങള്‍ എല്ലാം ഏറ്റെടുത്തിരിക്കുന്നത് ജോജി ആണെന്ന് റോസ്ലിന്‍ വ്യക്തമാക്കി.
തങ്ങളുടെ കുടുംബവും നാനൂറോളം നാട്ടുകാരും അനുഭവിച്ചത് ഒക്കെ മുഖ്യമന്ത്രി സതീശന്‍ നാട്ടില്‍ എത്തി സമര പന്തല്‍ പൊളിക്കുന്ന ചടങ്ങില്‍ നാടൊന്നാകെ ആഘോഷം ആക്കുമെന്നാണ് റോസ്ലിന്‍ ഏവര്‍ക്കും വേണ്ടി വ്യക്തമാക്കിയിരിക്കുന്നത്. ഈ ചടങ്ങിലേക്ക് എന്ത് പണം ചിലവായാലും താന്‍ അത് വഹിച്ചോളാമെന്നു കൂടി ജോജി വ്യക്തമാക്കുമ്പോള്‍ ഐതിഹാസിക സമര നായകന്റെ വീര്യത്തിനു ഒരു കുറവും വന്നിട്ടില്ലെന്നാണ് തെളിയുന്നതും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോജിയും കുടുംബവും നേരിട്ടത് സമാനതകള്‍ ഇല്ലാത്ത പാര്‍ട്ടി ആക്രമണം, വോട്ട് ചെയ്യാന്‍ വേണ്ടി മാത്രം നാട്ടില്‍ പതിവായി എത്തുമായിരുന്നു
കെ റെയില്‍ സമരം തുടങ്ങിയ ശേഷം എങ്ങനെയും എല്‍ഡിഎഫ് സര്‍ക്കാരിനെ താഴെ ഇറക്കണം എന്ന ചിന്തയോടെ ഓരോ ഇലക്ഷനിലും ജോജി നാട്ടില്‍ എത്തി വോട്ട് ചെയ്യുമായിരുന്നു. ലോക് സഭ ഇലക്ഷനിലും ഇങ്ങനെ നാട്ടില്‍ എത്തി വോട്ട് ചെയ്ത ജോജി ഇപ്പോള്‍ അസംബ്ലി തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യാന്‍ മാത്രമായി പത്തു ദിവസത്തേക്ക് നാട്ടില്‍ എത്തിയിരുന്നു.
ആ സമയത്തു ഇപ്പോള്‍ ചങ്ങനാശേരി എംഎല്‍എ ആയി ജയിച്ചെത്തിയ വിനു ജോബിനോട് സമരത്തിന്റെ ഭാവിയും നടക്കാന്‍ ഇടയുള്ള കാര്യങ്ങളും ജോജി പങ്കുവച്ചിരുന്നു. യുഡിഎഫ് അധികാരത്തില്‍ എത്തുമ്പോള്‍ കെ റെയില്‍ ഇല്ലാതാകുമെന്നും അന്നത്തെ ആഘോഷം തന്റെ വക ആയിരിക്കും എന്നും വിനു ജോബിനോട് ഉറപ്പു നല്‍കിയാണ് ജോജി തിരികെ യുകെയിലേക്ക് വിമാനം കയറിയത്. എന്നാല്‍ സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങളില്‍ കെ റെയില്‍ ഉണ്ടാകും എന്ന് സ്വപ്നത്തില്‍ പ്രതീക്ഷിച്ചിരുന്നില്ല എന്ന് ജോജിയും
പറയുന്നു.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും നൂറു കണക്കിന് യുകെ മലയാളികള്‍ നാട്ടില്‍ എത്തി വോട്ട് ചെയ്തിട്ടുണ്ടെന്നും ഇതിന്റെ കണക്ക് തങ്ങള്‍ ഐ ഓ സി പ്രവര്‍ത്തകരില്‍ ഉണ്ടെന്നും ജോജി കൂട്ടിച്ചേര്‍ക്കുന്നു. ഇതൊന്നും ഒരു ഇടതുപക്ഷക്കാരനും മനസിലാകാത്ത കാര്യം ആണെന്നും ജോജി പറയുന്നത് തങ്ങളുടെ പാര്‍ട്ടി സ്നേഹം ആത്മാര്‍ത്ഥതയില്‍ നിറഞ്ഞതാണെന്ന് ലോകം തിരിച്ചറിയട്ടെ എന്ന ചിന്തയിലാണ്.
?അതിനിടെ സമരകാലത്തു ജോജിയും കുടുംബവും നേരിട്ടത് സമാനതകള്‍ ഇല്ലാത്ത കൊടിയ ക്രൂരതകളാണ്. ഊരുവിലക്കിനു സമാനമായി ജോജിയുടെ കുടുംബം മാടപ്പള്ളിയില്‍ നടത്തുന്ന പലചരക്ക് കടയില്‍ സാധനം വാങ്ങുന്നത് സിപിഎം ഇടപെട്ട് ആളുകളെ വിലക്കുക ആയിരുന്നു. സമരത്തിന് ആവേശം പകരാന്‍ നാട്ടില്‍ എത്തി പ്രസംഗിച്ച ജോജിയെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ നമ്പര്‍ പ്ളേറ്റ് ഇല്ലാത്ത കാറിലാണ് പാര്‍ട്ടി ഗുണ്ടകള്‍ ജോജിയെ തേടി അന്ന് മാടപ്പളിയിലെ വീട്ടില്‍ എത്തിയത്. രാത്രി വീടിനു മുന്നില്‍ എത്തി പേര് വിളിച്ചപ്പോള്‍ ഇറങ്ങി ചെന്ന ജോജിയെ തടഞ്ഞത് നാട്ടുകാരാണ്.
പരിചയമില്ലാത്ത ആളുകളും കാറും കണ്ടപ്പോള്‍ ഇത്തരം കാര്യങ്ങള്‍ സംഭവിച്ചേക്കും എന്ന നാട്ടുകാരുടെ കരുതലില്‍ ആണ് അന്ന് ലണ്ടനില്‍ നിന്നും നാട്ടില്‍ എത്തിയ ജോജി തലനാരിഴക്ക് രക്ഷപെട്ടത്. പിന്നീട് എപ്പോള്‍ നാട്ടില്‍ എത്തിയാലും കുടുംബക്കാരും നാട്ടുകാരും ജോജിയെ ഒറ്റയ്ക്ക് എവിടെയും വിടില്ല. അത്രയ്ക്ക് കരുതലോടെയാണ് ആ നാടിപ്പോള്‍ ജോജിയെ സ്നേഹിക്കുന്നത്. സഹോദരി റോസ്ലിന്‍ നീണ്ട 18 വര്‍ഷം സൗദിയില്‍ നേഴ്സ് ആയി ജോലി ചെയ്ത പണം കൊണ്ട് പണിത വീടാണ് കെ റെയിലിനു വേണ്ടി പൂര്‍ണമായും ഏറ്റെടുക്കും എന്ന് സര്‍ക്കാര്‍ കുടുംബത്തെ അറിയിച്ചത്. തൊട്ടടുത്തുള്ള ജോജിയുടെ വീടും പറമ്പും പൂര്‍ണമായി നഷ്ടമാകുന്ന സാഹചര്യം തന്നെയായിരുന്നു ഈ കുടുംബം നേരിട്ടത്.
ജോജിക്ക് യുകെയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സ്വീകരണവും ആദരവും
അതിനിടെ സമരത്തില്‍ ജോജി നടത്തിയ നിര്‍ണായക നീക്കങ്ങളും സമര സമിതിക്കു നല്‍കിയ സഹായങ്ങളും വിലയിരുത്തി അടുത്ത മാസം മാഞ്ചസ്റ്റിലെ ഓള്‍ഡ് ഹാമില്‍ നടക്കുന്ന ഐഓസി കുടുംബ സംഗമത്തില്‍ സമര നായകന്‍ എന്ന നിലയില്‍ ജോജിക്ക് ആദരവ് ഒരുക്കുമെന്ന് യുകെ ചാപ്റ്റര്‍ പ്രെസിഡന്റ്റ് ഷൈനു ക്ലെയര്‍ മാത്യൂസ് വ്യക്തമാക്കി. കേരളത്തില്‍ നിന്നും കോണ്‍ഗ്രസ് മന്ത്രി അടക്കം എത്താനിടയുള്ള കുടുംബ സംഗമം യുഡിഎഫ് അധികാരത്തില്‍ എത്തിയ ശേഷമുള്ള ഐ ഓ സി യുടെ വിപുലമായ പരിപാടിയാണ്. ഇതിനകം 300 ഓളം പേരുടെ സാന്നിധ്യം ഉറപ്പായ സമ്മേളനത്തിലേക്ക് 500 ഓളം ആളുകള്‍ എത്തുമെന്നാണ് ഇപ്പോള്‍ കിട്ടുന്ന പ്രതികരണത്തില്‍ നിന്നും വ്യക്തമാകുന്നത് എന്നും സംഘാടകര്‍ അവകാശപ്പെട്ടു. ഇത്തരം ഒരു കുടുംബ സംഗമം കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു എന്ന് ഓരോ കോണ്‍ഗ്രസ് അനുഭാവികളും തിരിച്ചറിഞ്ഞിരിക്കുകയാണ് എന്നും ഷൈനു വ്യക്തമാക്കി.







