
ചെന്നൈ: ടിവികെ സർക്കാരിൽ കോൺഗ്രസിന് രണ്ട് മന്ത്രിമാർ. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് അഡ്വ. രാജേഷ് കുമാർ, പി വിശ്വനാഥൻ എന്നിവർ മന്ത്രിമാരാകും. ലിസ്റ്റ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അംഗീകരിച്ചു.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എക്സ് പോസ്റ്റിലൂടെയാണ് വിവരം പുറത്തുവിട്ടത്. 59 വർഷത്തിന് ശേഷമാണ് തമിഴ് നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനം ലഭിയ്ക്കുന്നത്. 1967ന് ശേഷമാണ് കോൺഗ്രസിന് തമിഴ്നാട്ടിൽ മന്ത്രിസ്ഥാനം ലഭിക്കുന്നത്.
കോൺഗ്രസ്, മുസ്ലിം ലീഗ്, വിസികെ പാർട്ടികളെ മന്ത്രിസഭയിലേയ്ക്ക് ടിവികെ ക്ഷണിച്ചിരുന്നു. പാർട്ടിയുടെ ഉന്നതതല യോഗം വിളിച്ച് തീരുമാനമെടുക്കുമെന്ന് വിസികെ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുസ്ലിം ലീഗ് പ്രതികരിച്ചിട്ടില്ല. അതേസമയം എഐഎഡിഎംകെ -എംഎൽഎമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയാൽ പിന്തുണ പിൻവലിയ്ക്കുമെന്ന് ഇടത് പാർട്ടികളും വിസികെയും പ്രഖ്യാപിച്ചു.
എഐഎഡിഎംകെ മന്ത്രിസഭയിൽ അംഗമാകില്ലെന്ന് വിടുതലൈ സിരുത്തൈകൾ കക്ഷി അധ്യക്ഷൻ തിരുമാവലവൻ പറഞ്ഞു.
മെയ് 10നാണ് ടിവികെ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയത്. സർക്കാരിനെ പിന്തുണക്കുന്ന സഖ്യകക്ഷികൾക്ക് അർഹമായ പരിഗണന നൽകുമെന്ന് മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചിരുന്നു.
കൂടിയാലോചനകൾ പൂർത്തിയാക്കി വരും ദിവസങ്ങളിൽ തന്നെ പുതിയ മന്ത്രിമാരുടെ പട്ടിക തയാറാക്കുമെന്നാണ് വിവരം.







