
ന്യൂഡല്‍ഹി: എച്ച്ആർഡിഎസ് സ്ഥാപന സെക്രട്ടറി അജി കൃഷ്ണനെതിരായ പോക്സോ കേസില്‍ മുൻകൂർ ജാമ്യം അനുവദിച്ച് ഡൽഹി സാകേത് കോടതി. പെണ്‍കുട്ടിക്കും കുടുംബത്തിനും ആവശ്യമായ സുരക്ഷ ഉറപ്പാക്കാനും കോടതി നിർദ്ദേശം നല്കി. നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചത്. അജി കൃഷ്ണനായി അഭിഭാഷകൻ പ്രണവ് കൃഷ്ണ കോടതിയില്‍ ഹാജരായി.
എച്ച്ആർഡിഎസിലെ ജീവനക്കാരൻ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 11 വയസുള്ള തന്റെ മകളെ 2024-ൽ വീട്ടിൽ വെച്ച് അജി കൃഷ്ണൻ ലൈംഗികാതിക്രമത്തിനിരയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. ജോലിസംബന്ധമായി ത്രിപുരയിലും ബംഗാളിലും പോയിരുന്ന സമയത്ത് കുട്ടിയോടൊപ്പം കഴിയാമെന്ന് വിശ്വസിപ്പിച്ച ശേഷമാണ് അതിക്രമം നടത്തിയതെന്നും പരാതിയിൽ ആരോപിക്കുന്നു. പിന്നീട് മകൾ ഭയത്തോടെയാണ് സംഭവം വെളിപ്പെടുത്തിയതെന്നും പരാതിക്കാരൻ പറയുന്നു.
അതേസമയം, പരാതി കെട്ടിച്ചമച്ചതാണെന്നാണ് എച്ച്ആർഡിഎസിന്റെ പ്രതികരണം. പരാതിക്കാരനായ ജീവനക്കാരനെതിരെ നേരത്തെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നുവെന്നും സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കേസിന് പിന്നിലെന്നുമാണ് സംഘടനയുടെ വിശദീകരണം. കുട്ടി സാകേത് കോടതിയിൽ രഹസ്യമൊഴി നൽകിയിട്ടുണ്ടെന്നും മൊഴിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







