Spread the love

കോട്ടയം: മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറിയുടെയും സംസാരം തെരഞ്ഞെടുപ്പില്‍ ക്ഷീണം ചെയ്‌തതായി സി.പി.എം കോട്ടയം
ജില്ലാ സെക്രട്ടറിയേറ്റില്‍ കുറ്റപ്പെടുത്തല്‍. തെരഞ്ഞെടുപ്പ്‌ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ ഇരുവര്‍ക്കുമെതിരേ രൂക്ഷ വിമര്‍ശനമാണ്‌ ഉയര്‍ന്നത്‌. വിജയിക്കുമെന്ന അമിത പ്രതീക്ഷ വി.എന്‍. വാസവന്റെ പരാജയത്തിനു പിന്നിലുണ്ട്‌.

video
play-sharp-fill

ഇതേത്തുടര്‍ന്നു മണ്ഡലത്തില്‍ വീഴ്‌ച സംഭവിച്ചതായും ആക്ഷേപം ഉയര്‍ന്നു. സെക്രട്ടേറിയേറ്റ്‌ അംഗങ്ങളായ വി.എന്‍. വാസവന്‍, സി.എന്‍. മോഹനന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
ഏറ്റുമാനൂരിലെ പരാമ്പരാഗത പാര്‍ട്ടി വോട്ടര്‍മാരുള്ള മേഖലകളെ അവഗണിക്കുന്ന സമീപനം മന്ത്രിയായിരുന്ന വാസവന്റെ ഭാഗത്തു നിന്നുണ്ടായി. മണ്ഡലത്തിലെ ചില മേഖലകള്‍ കേന്ദ്രീകരിച്ചു വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയെങ്കിലും ഈ പ്രദേശങ്ങളില്‍നിന്ന്‌ എതിര്‍ സ്‌ഥാനാര്‍ഥിക്കാണു കൂടുതല്‍ വോട്ട്‌ ലഭിച്ചത്‌. മണ്ഡലത്തിലെ ഈഴവ വോട്ടുകള്‍ ഭിന്നിച്ചുപോയെന്നും പാര്‍ട്ടി വോട്ടുകള്‍ പോലും നഷ്‌ടമായെന്ന വിലയിരുത്തലും സെക്രട്ടേറിയറ്റ്‌ യോഗത്തിലുണ്ടായി.

പാര്‍ട്ടി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചിട്ടും ജോസ്‌ കെ. മാണി മത്സരിച്ച പാലായില്‍ പരാജയപ്പെട്ടതു വിശദമായി അന്വേഷിക്കും. പരാജയകാരണം കണ്ടെത്താന്‍ താഴേത്തട്ടില്‍ മുതല്‍ അന്വേഷണം നടത്താന്‍ മണ്ഡലം കമ്മിറ്റി നിര്‍ദേശം നല്‍കും. പാലായില്‍ എല്‍.ഡി.എഫ്‌. വോട്ടുകള്‍ പലതും എന്‍.ഡി.എ. സ്‌ഥാനാര്‍ഥിക്കു പോകുന്ന സാഹചര്യമുണ്ടായി. മണ്ഡലത്തില്‍ ന്യൂനപക്ഷ ഏകീകരണമുണ്ടായില്ലെങ്കിലും മലയോര മേഖലയില്‍ പ്രതീക്ഷിച്ച വോട്ട്‌ ലഭിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളാ കോണ്‍ഗ്രസ്‌ (എം) മുന്നണി മാറുന്നുവെന്ന പ്രചാരണം ജില്ലയില്‍ എല്‍.ഡി.എഫ്‌. അനുകൂല വോട്ടുകള്‍ യു.ഡി.എഫിലേക്കു മാറാന്‍ കാരണമായി.
സി.പി.എം. പ്രവര്‍ത്തകര്‍ ക്രോസ്‌ വോട്ട്‌ ചെയ്‌തുവെന്ന കേരളാ കോണ്‍ഗ്രസ്‌(എം) ആരോപണവും സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയായി.
എന്നാല്‍, ഇക്കാര്യം തെറ്റാണെന്നാണ്‌ സെക്രട്ടേറിയറ്റ്‌ വിലയിരുത്തല്‍. ജയിക്കുമെന്ന്‌ ഉറപ്പായിരുന്ന കാഞ്ഞിരപ്പള്ളിയില്‍ സി.പി.എം, സി.പി.ഐ. വോട്ടുകള്‍ കൃത്യമായി ലഭിച്ചെന്നും അംഗങ്ങള്‍ പറഞ്ഞു. എന്നാല്‍, കേരളാ കോണ്‍ഗ്രസ്‌ വോട്ടുകള്‍ ഇവിടെ ചേര്‍ന്നു.

പരമ്പരാഗത വോട്ട്‌ ബാങ്കില്‍ വിള്ളലുണ്ടായതിനൊപ്പം സി.പി.ഐയിലുണ്ടായ ചില പ്രശ്‌നങ്ങള്‍ വൈക്കത്തെ പരാജത്തിനു കാരണമായി. പരാജയം വിശദമായി പഠിക്കാന്‍ മണ്ഡലം കമ്മിറ്റിക്കു നിര്‍ദേശം നല്‍കും. വൈക്കത്തും ഈഴവ, പിന്നാക്ക വിഭാഗങ്ങളിലെ വോട്ടു ബാങ്കില്‍ വിള്ളലുണ്ടായി. ഈ വോട്ടുകളില്‍ നല്ലൊരു പങ്കും ബി.ജെ.പിയ്‌ക്കു ലഭിച്ചതായി കരുതാം.

പുതുപ്പള്ളിയില്‍ എതിര്‍ സ്‌ഥാനാര്‍ഥിയുടെ പി.ആര്‍. വര്‍ക്കിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ മുന്നണി സ്‌ഥാനാര്‍ഥിക്കു കഴിഞ്ഞില്ല. മണ്ഡലത്തില്‍ പലയിടങ്ങളിലും ബൂത്ത്‌ കമ്മിറ്റികള്‍ പോലും നിര്‍ജീവമായിരുന്നു. കോട്ടയത്ത്‌ പ്രവര്‍ത്തനം ശക്‌തമായിരുന്നിട്ടും എന്തുകൊണ്ട്‌ പരാജയപ്പെട്ടുവെന്നതു താഴേത്തട്ടില്‍ അന്വേഷിക്കണമെന്നും നിര്‍ദേശമുണ്ടായി.
ഇന്നും നാളെയുമായി ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിലും തെരഞ്ഞെടുപ്പ്‌ പരാജയം വിലയിരുത്തലുകളുണ്ടാകും.