Spread the love

തിരുവനന്തപുരം: നാളെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന വി.ഡി. സതീശന് ആശംസകളുമായി മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്‌ ബിഷപ്പ് കർദിനാള്‍ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ. പുതിയ പദവിയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി ഇന്ന് തിരുവനന്തപുരം പട്ടം ബിഷപ്പ് ഹൗസിലെത്തി സഭാ നേതൃത്വവുമായി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി. വർഷങ്ങളായുള്ള ആത്മബന്ധം ഓർത്തെടുത്ത ക്ലിമിസ് ബാവ വി.ഡി. സതീശന്റെ മുഖ്യമന്ത്രി സ്ഥാനം ഒരു ദൈവനിയോഗം ആണെന്ന് വിശേഷിപ്പിക്കുകയും അദ്ദേഹത്തിന് എല്ലാവിധ നന്മകളും നേരുകയും ചെയ്തു.

video
play-sharp-fill

തിരക്കുപിടിച്ച ഔദ്യോഗിക പരിപാടികള്‍ക്കിടയിലും ബിഷപ്പ് ഹൗസ് സന്ദർശിക്കാൻ സമയം കണ്ടെത്തിയതില്‍ ക്ലിമിസ് ബാവ സന്തോഷം പ്രകടിപ്പിച്ചു. ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളാണ് പുതിയ സർക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും എല്ലാ സമുദായങ്ങളുടെയും ആവശ്യങ്ങള്‍ ഒരുപോലെ പരിഗണിക്കണമെന്നും ക്ലിമിസ് ബാവ ഓർമ്മിപ്പിച്ചു.

സംസ്ഥാനത്ത് സമഗ്രമായ വികസനം ഉണ്ടാകണമെന്നും എല്ലാ വിഭാഗം ജനങ്ങളെയും മാനിക്കുന്ന മാതൃകാപരമായ ഒരു ഭരണം കാഴ്ചവെക്കാൻ പുതിയ മുഖ്യമന്ത്രിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയുക്ത മുഖ്യമന്ത്രിക്ക് പുറമെ നിയുക്ത എം.എല്‍.എ മാണി സി. കാപ്പനും ഇന്ന് ബിഷപ്പ് ഹൗസിലെത്തി ക്ലിമിസ് ബാവയുമായി കൂടിക്കാഴ്ച നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group