
സിബിഎസ്ഇ നടപ്പാക്കിയ ഓണ്‍ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം) സംവിധാനത്തെക്കുറിച്ചുള്ള പരാതികള്‍ തള്ളിക്കളഞ്ഞ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം.
പന്ത്രണ്ടാം ക്ലാസ് മൂല്യനിർണത്തിന് ഇക്കൊല്ലം മുതല്‍ ഏർപ്പെടുത്തിയ ഓണ്‍ സ്ക്രീൻ മാർക്കിംഗ് സംവിധാനത്തെക്കുറിച്ച് വിദ്യാർത്ഥികള്‍ക്കിടയില്‍ വ്യാപക പരാതിയാണ് ഉയരുന്നത്. ഇതിലെ സാങ്കേതിക പിഴവുകള്‍ മാർക്ക് കുറയാൻ കാരണമായെന്ന് ആരോപണം ഉയർന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രതികരണം.
ഓണ്‍ സ്ക്രീൻ മാർക്കിംഗ് സംവിധാനം ആദ്യമായല്ല ചെയ്യുന്നതെന്നും മുംബൈ അടക്കമുള്ള സർവകലാശാലകളില്‍ ഈ സംവിധാനം നടപ്പാക്കിയിട്ടുണ്ടെന്നും ഇതിലൂടെയുളള പരിശോധന സുത്യാര്യവും കൃത്യവുമാണെന്നും വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ അറിയിച്ചു. മാർക്ക് കൂട്ടുന്നതിലും രേഖപ്പെടുന്നതിലും അപ്ലോഡ് ചെയ്യുന്നതിലുമുണ്ടായേക്കാവുന്ന പിഴവുകള്‍ ഇതോടെ ഇല്ലാതാകുമെന്ന് പറഞ്ഞ സഞ്ജയ് കുമാർ ഇക്കുറി കുറ്റമറ്റ രീതിയിലാണ് മൂല്യ നിർണയം നടത്തിയതെന്നും അവകാശപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കുറി മൂല്യനിർണയത്തിന്റെ അവസാന ഘട്ടത്തില്‍ ഏകദേശം13,000 ഉത്തരക്കടലാസുകളില്‍ ചില പേജുകള്‍ അവ്യക്തമായിരുന്നു. ഇവ വായിക്കാൻ പറ്റാത്ത അവസ്ഥയിലാണെന്ന് കണ്ടെത്തി. ഉത്തരം എഴുതാൻ ഉപയോഗിച്ച പേനയിലെ മഷി നേർത്തതായിരുന്നു. സ്കാൻ ചെയ്ത ശേഷവും അവ വ്യക്തമാകാതിരുന്നു.അദ്ധ്യാപകരോട് ആ ഭാഗങ്ങള്‍ പ്രത്യേകം പരിശോധിച്ച് അർഹമായമാർക്ക് രേഖപ്പെടുത്താൻ നിർദേശിച്ചുവെന്നും കൃത്യത ഉറപ്പ് വരുത്തിയിരുന്നുവെന്നും സഞ്ജയ് കുമാർ വ്യക്തമാക്കി.







