
ന്യൂഡല്‍ഹി: ബാലവിവാഹം പിന്തുണയ്ക്കുന്ന പുതിയ നിയമവുമായി താലിബാൻ. താലിബാൻ പരമോന്നത നേതാവ് ഹിബത്തുല്ല അഖുന്ദ്സാദ നിയമം അംഗീകരിച്ചു. ഈ മാസം ആദ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചതായി അഫ്ഗാൻ മാധ്യമം റിപ്പോർട്ട് ചെയ്തു.
പുതിയ നിയമത്തില്‍ ബാലവിവാഹം, കാണാതാകുന്ന ജീവിതപങ്കാളികള്‍, വ്യഭിചാരാരോപണം, മതപരിവർത്തനം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുന്നു. പ്രായപൂർത്തിയായ ശേഷം കന്യകയായ പെണ്‍കുട്ടി മൗനം പാലിച്ചാല്‍ അത് വിവാഹ സമ്മതമായി കണക്കാക്കാമെന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്. കുട്ടികളുടെ വിവാഹത്തില്‍ അച്ഛനും മുത്തച്ഛനും അധികാരമുണ്ടെന്നും നിയമത്തില്‍ പറയുന്നു.
വ്യഭിചാരാരോപണം, മതപരിവർത്തനം, കാലങ്ങളായി കാണാതായ ഭർത്താക്കന്മാർ എന്നിവയുമായി ബന്ധപ്പെട്ട കേസുകളില്‍ ഇടപെടാനുള്ള അധികാരം താലിബാൻ ജഡ്ജിമാർക്കുമുണ്ട്. രാജ്യാന്തര തലത്തില്‍ വലിയ വിമർശനമാണ് പുതിയ നിയമത്തിന് എതിരെ ഉയരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2021-ല്‍ താലിബാൻ അധികാരം തിരിച്ചുപിടിച്ചതിന് ശേഷം സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും എതിരായി നിരവധി നിയമങ്ങള്‍ കൊണ്ടുവന്നു. തൊഴിലിടത്തും പൊതുജീവിത രീതികളിലും കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. ഇതിനെതിരെ ലോകമെമ്പാടും വിമർശനങ്ങള്‍ ഉയരുന്നുണ്ട്.







