
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കിയ ടൗൺഷിപ്പിൽ ആദ്യ കുടുംബം താമസം ആരംഭിച്ചു. ചൂരൽമല സ്കൂൾ റോഡ് സ്വദേശിയായ വിജയനും കുടുംബവുമാണ് കയറി താമസിച്ചത്. പാലുകാച്ചൽ ചടങ്ങിനിടെ കുടുംബത്തെ വിഡിയോ കോൾ വിളിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ആശംസകൾ അറിയിച്ചു. മഹാദുരന്തം കവർന്നെടുത്ത ജീവിതം, ഒരു വലിയ ഇടവേളയ്ക്ക് ശേഷം അവർ ഇവിടെനിന്ന് വീണ്ടും നെയ്തെടുക്കുകയാണ്.
പാലുകാച്ചൽ ചടങ്ങുകൾകളിൽ മുൻമന്ത്രി ഓആർ കേളുവും, ജില്ലാ സെക്രട്ടറി കെ റഫീഖും പങ്കെടുത്തു. എന്നാൽ ചടങ്ങിനിടെ സർപ്രൈസായി എത്തിയത് മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീഡിയോ കോൾ ആയിരുന്നു. പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്ന കുടുംബത്തിന് അദ്ദേഹം ഫോണിലൂടെ ആശംസകൾ നേർന്നു. ആദ്യഘട്ടത്തിൽ ആകെ 178 കുടുംബങ്ങൾക്കാണ് വീടുകൾ കൈമാറുന്നത്. ഇതിൽ 159 വീടുകളും സാങ്കേതികമായി കൊടുത്തു കഴിഞ്ഞു. ദുരന്തത്തിന്‍റെ ഓർമ്മകളിൽ നിന്നും അതിജീവനത്തിന്‍റെ പുതിയൊരു മാതൃക തീർക്കുകയാണ് ഈ ടൗൺഷിപ്പ്.






