
വയനാട്: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ ആഭ്യന്തര തർക്കങ്ങള്‍ക്കിടെ വയനാട്ടില്‍ പ്രത്യക്ഷപ്പെട്ട വിവാദ പോസ്റ്ററുകള്‍ സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് കോണ്‍ഗ്രസ് ഹൈക്കമാൻഡ്. രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ലക്ഷ്യമിട്ട് വന്ന പോസ്റ്ററുകള്‍ക്ക് പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
വയനാട് ലോക്സഭാ മണ്ഡലത്തിലെ വിവിധ ഇടങ്ങളിലായി പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും രൂക്ഷമായി വിമർശിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണയ്ക്കുകയാണെങ്കില് ശക്തമായ പ്രതിഷേധം ഉയരുമെന്ന മുന്നറിയിപ്പും പോസ്റ്ററുകളിലുണ്ടായിരുന്നു. സംഭവത്തില്‍ കല്‍പ്പറ്റ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എംഎല്‍എ ടി സിദ്ദിഖിന്റെ പരാതിയിലാണ് പൊലീസിന്റെ നടപടി.
“രാഹുലിന്റെയും പ്രിയങ്കയുടെയും തീരുമാനങ്ങള്‍ക്ക് കേരളം മാപ്പ് നല്‍കില്ല”, “വയനാട് ഇനി സുരക്ഷിത മണ്ഡലമാകില്ല” തുടങ്ങിയ പരാമർശങ്ങളാണ് പോസ്റ്ററുകളില്‍ ഇടംപിടിച്ചത്. സംഭവത്തിന് പിന്നാലെ കെ സി വേണുഗോപാല്‍ അനുകൂലികളും വി ഡി സതീശൻ പക്ഷവും തമ്മില്‍ പരസ്പര സംശയവും ആരോപണവും ശക്തമായിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







