
കുമരകം: പഴയ ക്രിക്കറ്റ് കളിക്കാർ കുമരകത്ത് ഒത്തുചേരുന്നു.കാലം മാറ്റിവരച്ച വഴികളിലൂടെ ജീവിതത്തിന്റെ പലയിടങ്ങളിലേക്ക് ചേക്കേറിയവർ, വീണ്ടും ആ പഴയ മൈതാനത്തേക്ക് മടങ്ങിയെത്തുന്നു. കുമരകം ക്രിക്കറ്റ് അസോസിയേഷന്റെ സഹകരണത്തോടെ ബ്രോസ്മാൻ ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിക്കുന്ന വിപുലമായ ക്രിക്കറ്റ് ടൂർണ്ണമെന്റിന് ഇന്നും നാളെയുമായി കുമരകം ഗവൺമെന്റ് ഹൈസ്കൂൾ മൈതാനി വേദിയാകും.
1983-ൽ കപിൽ ദേവും സംഘവും ഉയർത്തിയ ലോകകപ്പിന്റെ ആവേശത്തിൽ കുമരകത്തിന്റെ മണ്ണിൽ ക്രിക്കറ്റ് വിതച്ച ഒരു തലമുറയുടെ പുനസ്സംഗമം കൂടിയാണിത്. ഇടക്കാലത്ത് മൈതാനങ്ങളൊഴിഞ്ഞു പോയെങ്കിലും, പഴയ വീറും വാശിയും ഒട്ടും ചോരാതെയാണ് ഓരോ ടീമും കളിക്കളത്തിൽ ഇറങ്ങുന്നത്.
ജീവിതമാർഗ്ഗങ്ങൾ തേടി നാട്ടിലും വിദേശത്തുമായി പല മേഖലകളിൽ ജോലി ചെയ്യുന്നവർ ഈ രണ്ട് ദിവസങ്ങളിൽ തങ്ങളുടെ തിരക്കുകൾ മാറ്റിവെച്ച് കുമരകത്തേക്ക് എത്തും.
പ്രവാസികളും ഉദ്യോഗസ്ഥരും , തൊഴിലാളികളും ആയി മാറിയ ആ പഴയ കൗമാരക്കാർ ജേഴ്സിയണിഞ്ഞ് വീണ്ടും ക്രീസിലെത്തുമ്പോൾ അത് കേവലം ഒരു മത്സരത്തിനപ്പുറം ഗൃഹാതുരത്വം തുളുമ്പുന്ന ഒരു ഒത്തുചേരലായി മാറും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമരകത്തെ ക്രിക്കറ്റ് സംസ്കാരത്തെ വീണ്ടും ഉണർത്തുക എന്ന ലക്ഷ്യത്തോടെയാണ് ബ്രോസ്മാൻ ക്ലബ്ബ് ഈ ഉദ്യമത്തിന് നേതൃത്വം നൽകുന്നത്. കുമരകം ഗവൺമെന്റ് ഹൈസ്കൂൾ മൈതാനത്ത് നടക്കാൻ പോകുന്ന ഈ പോരാട്ടം കാണാൻ ഏവരെയും ഹൈസ്കൂൾ മൈതാനത്തെക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി കൺവീനർ ജോമോൻ ജോസഫ് അറിയിച്ചു.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന ടൂർണ്ണമെന്റിൽ കുമരകത്തെ പ്രമുഖ പഴയകാല ടീമുകൾ മാറ്റുരയ്ക്കും. ഇന്ന് രാവിലെ ആരംഭിക്കുന്ന മത്സരങ്ങൾ നാളെ വൈകുന്നേരം നടക്കുന്ന കലാശപ്പോരാട്ടത്തോടെ സമാപിക്കും.







