
തിരുവനന്തപുരം: മുൻ ഗതാഗതമന്ത്രിയും മുൻ എം.എല്‍.എയുമായ കെ.ബി. ഗണേഷ്കുമാറിന്റെ ഡ്രൈവിങ് ലൈസൻസില്‍ പേരിനൊപ്പം ചേർത്തിരുന്ന ‘എം.എല്‍.എ.’ എന്ന വിശേഷണം നീക്കാൻ മോട്ടോർവാഹനവകുപ്പ് നടപടി തുടങ്ങി.
ഔദ്യോഗിക തിരിച്ചറിയല്‍ രേഖകളിലുള്ള പേരായിരിക്കണം ഡ്രൈവിങ് ലൈസൻസിലുമുള്ള പേര് എന്ന ചട്ടം പാലിക്കപ്പെട്ടില്ലെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍.
നിശ്ചിത കാലാവധിയുള്ള പദവികള്‍ ഔദ്യോഗിക രേഖകളില്‍ സ്ഥിരമായി ഉള്‍പ്പെടുത്തുന്നത് പതിവല്ല. 2028 ജൂലൈ 10 വരെ കാലാവധിയുള്ള ഗണേഷ്കുമാറിന്റെ ലൈസൻസില്‍ ഇപ്പോഴും ‘എം.എല്‍.എ.’ എന്ന വിശേഷണം തുടരുന്നതാണ് വിവാദമായത്. എന്നാല്‍, അദ്ദേഹം അംഗമായിരുന്ന നിയമസഭയുടെ കാലാവധി ഇതിനകം അവസാനിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019-ല്‍ ‘സാരഥി’ സോഫ്റ്റ്വേർ നിലവില്‍ വരുന്നതിനുമുമ്പാണ് ലൈസൻസില്‍ ഈ മാറ്റം വരുത്തിയതെന്നാണ് സൂചന. വിഷയത്തില്‍ ഗണേഷ്കുമാറില്‍ നിന്ന് വിശദീകരണം തേടാനാണ് മോട്ടോർവാഹനവകുപ്പിന്റെ നീക്കം.
ഇതിനൊപ്പം, 18 വയസ് തികയുന്നതിനുമുമ്പ് ഗണേഷ്കുമാർ ഡ്രൈവിങ് ലൈസൻസ് നേടിയതായും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേട് തെളിഞ്ഞാല്‍ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാമെന്ന വ്യവസ്ഥ നിലവിലുണ്ട്. തുടർനടപടികള്‍ക്കായി വകുപ്പ് നിയമോപദേശം തേടും.







