
ജയ്പൂർ: മേയ് മൂന്നിന് നടന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ (നീറ്റ് യു.ജി) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് 13 പേരെ രാജസ്ഥാൻ പൊലീസ് കസ്റ്റഡിയിലെടുത്തു.
സികാറിലെ കോച്ചിംഗ് സെന്റർ ഉടമ, പേയിംഗ് ഗസ്റ്റ് കെട്ടിടത്തിന്റെ ഉടമ, രണ്ട് വിദ്യാർത്ഥികൾ എന്നിവരെയടക്കമാണ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തിൽ കേരളത്തിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിൽ എം.ബി.ബി.എസിന് പഠിക്കുന്ന രാജസ്ഥാനിലെ ചുരു സ്വദേശിയായ വിദ്യാർത്ഥിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
സികാറിലെ വിദ്യാർത്ഥികൾക്കിടയിൽ പ്രചരിച്ച ചോദ്യപേപ്പറിലെ 600 ചോദ്യങ്ങളും യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി.
നീറ്റ് പരീക്ഷയ്ക്ക് രണ്ടുദിവസം മുൻപാണ് സികാറിൽ ചോദ്യാവലി പ്രചരിച്ചത്. 20,000 മുതൽ രണ്ടുലക്ഷം രൂപയ്ക്ക് വരെയാണ് ഇത് വിറ്റത്.
പരീക്ഷയ്ക്കു മുൻപ് ഏകദേശം 30,000 ചോദ്യാവലികൾ വിറ്റെന്നാണ് വിവരം. അന്വേഷണവുമായി സഹകരിക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി വ്യക്തമാക്കി.
നീറ്റ് ലേലമായി മാറിയെന്നും ഇന്ത്യയിലെ യുവാക്കളുടെ സ്വപ്നങ്ങൾക്ക് മോദി സർക്കാർ വലിയ ഭീഷണിയാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
ഉറക്കമളച്ച് പഠിക്കുന്ന വിദ്യാർത്ഥികളുടെ ഭാവിയാണ് പരസ്യമായി ലേലം ചെയ്യപ്പെടുന്നത്. ഇത് ആദ്യമായല്ല. 10 വർഷത്തിനുള്ളിൽ 89 ചോദ്യപേപ്പർ ചോർച്ചകൾ,
48 പുനഃപരീക്ഷകൾ. പരിഹാരമുണ്ടാക്കുമെന്ന് വാഗ്ദാനം മാത്രം. ബി.ജെ.പി ഭരണത്തിൻ കീഴിൽ പരീക്ഷകളിൽ നടക്കുന്ന അഴിമതി യുവാക്കളുടെ ഭാവി തകർക്കുകയാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും ആരോപിച്ചു.







