
ഡൽഹി: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടിയെപ്പറ്റി പരിശോധന നടത്തും എന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി.
മതനിരപേക്ഷതക്ക് പേര് കേട്ട കേരളത്തില്‍ ആണ് ബിജെപിക്ക് മൂന്ന് സീറ്റുകള്‍ ലഭിച്ചത് ഗൗരവമുള്ള കാര്യമാണ്. എന്നാല്‍ ഈ മൂന്നിടത്തും രണ്ടാം സ്ഥാനത്തെത്തിയ ഇടത്പക്ഷം ശക്തമായ മത്സരം ആണ് നടത്തിയതെന്നും പോളിറ്റ് ബ്യൂറോയ്ക്ക് ശേഷം നടന്ന വാർത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. തോല്‍വിയുടെ ധാർമിക ഉത്തരവാദിത്വം പിണറായി വിജയൻ ഏറ്റെടുക്കേണ്ടതില്ല. മുഖ്യമന്ത്രി എന്ന നിലയിലാണ് അദ്ദേഹത്തെ ഉയർത്തി കാണിച്ചത്. തിരഞ്ഞെടുപ്പിനെ നേരിട്ടത് ഒറ്റക്കെട്ടായി.
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പരാജയപ്പെടാൻ കാരണം ഭരണവിരുദ്ധ വികാരമാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളി വിരുദ്ധമായ ലേബർ കോഡുകളില്‍ തിരഞ്ഞെടുപ്പ് ഫലം വന്ന് നാല് ദിവസം കഴിഞ്ഞപ്പോള്‍ വിജ്ഞാപനം ഇറക്കി. ഇതേ ലേബർ കോഡുകളുടെ ഫലം ആണ് നോയിഡയില്‍ നടന്ന സമരം. രണ്ട് മാസത്തിനിടെ ആയിരക്കണക്കിന് തൊഴിലാളികള്‍ ആണ് അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി സമര മുഖത്ത് ഇറങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തില്‍ സാഹചര്യത്തില്‍ കർശന നിയന്ത്രണം പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചതിനെ പറ്റിയും എംഎ ബേബി സംസാരിച്ചു. ഇപ്പൊള്‍ മോദി പറഞ്ഞ നിയന്ത്രണങ്ങള്‍ 2021ല്‍ ശ്രീലങ്കയില്‍ നടപ്പാക്കാൻ ശ്രമിച്ചതിന് സമാനമാണെന്ന് പറഞ്ഞ അദ്ദേഹം വിദേശ യാത്രകള്‍ ഒഴിവാക്കണമെന്ന മോദിയുടെ അഭ്യർഥനയെ പരിഹസിച്ചു. വിദേശ യാത്രകള്‍ ഒഴിവാക്കാനുള്ള പ്രഖ്യാപനം മോദി സ്വയം നടപ്പാക്കുമോ എന്ന് അദ്ദേഹം ചോദിച്ചു.
വനിത സംവരണത്തിൻ്റെ പേരില്‍ മണ്ഡല പുനർനിർണയം നടപ്പാക്കാൻ ആണ് കേന്ദ്രം ശ്രമിച്ചത് എന്ന് ആരോപിച്ച എംഎ ബേബി ഇത് നടപ്പിലായാല്‍ ദക്ഷിണേന്ത്യയുടെ പ്രാധാന്യം കുറയുകയും ആർഎസ്എസ് ശക്തിമേഖലകളായുള്ള സംസ്ഥാനങ്ങളില്‍ സീറ്റുകള്‍ വർധിക്കും എന്നും കൂട്ടിച്ചേർത്തു. ഇതിലൂടെ ബിജെപിയുടെ ലക്ഷ്യമായ ഹിന്ദു രാഷ്ട്രം, അഖണ്ഡ ഭാരത പദ്ധതി നടപ്പാക്കാനാണ് ശ്രമം എന്നും അദ്ദേഹം പറഞ്ഞു.







