
ഹൈദരാബാദ്: വാഹനാപകടത്തില്‍ തെലുങ്ക് നടൻ കെ ഭരത് കാന്തിന് (31) ദാരുണാന്ത്യം.
തെലങ്കാനയിലെ ആദിബദ്‌ലയില്‍ ഔട്ടർ റിംഗ് റോഡിന് സമീപത്തായി ഇന്നലെയാണ് അപകടമുണ്ടായത്.
ഭരതിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ജി സായ് ത്രിലോകും (31) അപകടത്തില്‍ മരിച്ചു. ഇരുവരും ആന്ധ്രാപ്രദേശിലെ നെല്ലൂർ സ്വദേശികളാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭരത് കാന്താണ് വാഹനം ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട കാർ മുന്നിലൂടെ പോവുകയായിരുന്ന കണ്ടെയ്‌നർ ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ കാർ പൂർണമായും തകർന്നു. ഭരതും സുഹൃത്തും സംഭവസ്ഥലത്തുതന്നെ മരിച്ചു. സ്ഥലത്തെത്തിയ പൊലീസ് മൃതദേഹങ്ങള്‍ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. അപകടത്തില്‍ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അഭിനേതാവിന് പുറമെ മികച്ച നർത്തകനും കണ്ടന്റ് ക്രിയേറ്ററുമായിരുന്നു ഭരത്. സമൂഹമാദ്ധ്യമങ്ങളില്‍ സജീവമായിരുന്ന ഭരതിന് ഇൻസ്റ്റാഗ്രാമില്‍ 40,000 ഫോളോവേഴ്‌സും യൂട്യൂബില്‍ 30,000 സബ്‌സ്‌ക്രൈബേഴ്‌സുമുണ്ട്. സിനിമകള്‍ക്ക് പുറമെ ധാരാളം ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.







