
ഹൈക്കമാൻഡ് നിർദ്ദേശം കാറ്റിൽപ്പറത്തി കേരളത്തിൽ വീണ്ടും മുഖ്യമന്ത്രിപ്പോരിൽ ഫ്ലക്സ് ഉയർന്നു. മുഖ്യമന്ത്രി തർക്കത്തിൽ ഇനി കേരളത്തിൽ ഫ്ലക്സും പരസ്യ പ്രതിഷേധവും പാടില്ലെന്ന് ഹൈക്കമാൻഡിന്റെ കർശന നിർദ്ദേശം ഉണ്ടായിരുന്നു. കൊല്ലം പുനലൂരിലാണ് വിഡി സതീശനെ അനുകൂലിച്ച് വീണ്ടും ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. പുനലൂർ കെഎസ്ആർടിസി ജംഗ്ഷനിലാണ് ബോർഡ് വെച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ബോർഡ് സ്ഥാപിച്ചതെന്നാണ് സൂചന. ആരാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത് എന്നതിൽ വ്യക്തതയില്ല. ‘പട നയിച്ചവൻ നാട് നയിക്കട്ടെ’ എന്ന വാചകവും ചിത്രവും മാത്രമാണ് ഫ്ലെക്സിൽ ഉള്ളത്.
കെസി വേണുഗോപാലിനെ അനുകൂലിച്ച് പുനലൂർ നഗരത്തിൽ സ്ഥാപിച്ചിരുന്ന ബോർഡുകൾ കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് വിഡി സതീശനെ അനുകൂലിച്ചുള്ള ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. കേരളത്തിലെ പരസ്യ പ്രതികരണം സസൂഷ്മം നിരീക്ഷിച്ച ശേഷമാകും മുഖ്യമന്ത്രി കാര്യത്തിലെ തീരുമാനം പ്രഖ്യാപിക്കുക എന്ന് ഹൈക്കമാൻഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷവും ഫ്ലക്സ് പ്രത്യക്ഷപ്പെട്ടതിൽ ഹൈക്കമാൻഡും കോൺഗ്രസ് നേതൃത്വവും എന്ത് നിലപാട് സ്വീകരിക്കുമെന്ന് കണ്ടറിയണം.






