
കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായി വടംവലി നടക്കുന്നതിനിടെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കും അവകാശ വാദങ്ങൾ തുടങ്ങി. കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ വസതിയിലെത്തി നേരിൽ കണ്ടു. ബെന്നി ബഹനാനെ പരിഗണിക്കാനിരിക്കെയാണ് കൊടിക്കുന്നിലിന്റെ ആവശ്യം. ഒരു മണിക്കൂറോളം കൊടിക്കുന്നിൽ ഖര്‍ഗെയുമായി സംസാരിച്ചു. മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ തനിക്ക് അര്‍ഹതയുണ്ട് എന്ന് ഖര്‍ഗെയെ കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു. അര്‍ഹതയുണ്ടായിട്ടും പല തവണ മാറ്റിനിര്‍ത്തപ്പെട്ടു എന്ന് പറഞ്ഞ സുരേഷ്, സംവരണ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് നേടിയ വിജയവും ചൂണ്ടിക്കാട്ടി.
ഇന്നലെയാണ് കൊടിക്കുന്നില്‍ സുരേഷ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി കൂടിക്കാഴ്ച്ച നടത്തിയത്. പല ഘട്ടങ്ങളില്‍ കെപിസിസി പുനഃസംഘടന നടക്കുമ്പോള്‍ തന്റെ പേര് വന്നിരുന്നെങ്കിലും അന്നെല്ലാം താന്‍ മാറ്റിനിര്‍ത്തപ്പെട്ടു എന്നാണ് കൊടിക്കുന്നില്‍ സുരേഷ് പറയുന്നത്. കേന്ദ്രമന്ത്രിയായിരുന്നു, എംപിയാണ്, കാലങ്ങളായി കോണ്‍ഗ്രസിനായി പ്രവര്‍ത്തിക്കുന്നു, സംവരണ മണ്ഡലങ്ങളില്‍ പോലും വലിയ വിജയമാണ് കോണ്‍ഗ്രസ് നേടിയത്. അതിനാല്‍ തന്നെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാക്കുന്നത് പരിഗണിക്കണം എന്നാണ് കൊടിക്കുന്നില്‍ സുരേഷിന്റെ ആവശ്യം.






