Spread the love

ഡല്‍ഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ, സി.പി.എമ്മില്‍ പിണറായി വിജയന്റെ അപ്രമാദിത്വത്തിന് അന്ത്യമാകുന്നുവെന്ന സൂചനകള്‍ ശക്തമാകുന്നു.
ഡല്‍ഹിയില്‍ ചേരുന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പിണറായിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷ നേതാവാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ‘പിന്നെ കാണാം’ എന്ന് പറഞ്ഞ് പിണറായി ഒഴിഞ്ഞുമാറിയത് പാര്‍ട്ടിയില്‍ അദ്ദേഹത്തിനുള്ള പദവി ചോദ്യം ചെയ്യപ്പെടുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്.

video
play-sharp-fill

കേരളത്തിലെ പ്രതിപക്ഷ നേതൃസ്ഥാനം ആര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ പൊളിറ്റ് ബ്യൂറോയില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് പിബി അംഗവും ജനറല്‍ സെക്രട്ടറിയുമായ എം.എ. ബേബി വ്യക്തമാക്കി. ഭരണവിരുദ്ധ വികാരം തിരിച്ചറിയുന്നതില്‍ നേതൃത്വത്തിന് പരാജയം സംഭവിച്ചുവെന്ന നിലപാടില്‍ ബേബി ഉറച്ചുനില്‍ക്കുകയാണ്. പിണറായിയുടെ വ്യക്തികേന്ദ്രീകൃതമായ ഭരണശൈലിയും പാര്‍ട്ടിക്ക് മേലുള്ള അമിത സ്വാധീനവുമാണ് തിരിച്ചടിക്ക് കാരണമായതെന്ന വിമര്‍ശനം പിബിയില്‍ ഉയരാന്‍ സാധ്യതയുണ്ട്.

തിരഞ്ഞെടുപ്പ് അവലോകനമാണ് പിബി യോഗത്തിന്റെ ഔദ്യോഗിക അജണ്ടയെങ്കിലും, കേരളത്തിലെ നേതൃമാറ്റം തന്നെയാകും പ്രധാന ചര്‍ച്ചാവിഷയം. പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന ആഗ്രഹം കേരള ഘടകത്തിലെ ഒരു വിഭാഗം പങ്കുവെക്കുന്നുണ്ടെങ്കിലും, ദേശീയ നേതൃത്വത്തിന് ഇതിനോട് വിയോജിപ്പാണെന്നാണ് സൂചന. പാര്‍ട്ടിയില്‍ പുതിയൊരു മുഖം വരുന്നത് കേഡര്‍മാര്‍ക്കിടയില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ സഹായിക്കുമെന്ന് ബേബി ഉള്‍പ്പെടെയുള്ളവര്‍ കരുതുന്നു.
മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി എടുത്ത പല തീരുമാനങ്ങളും പാര്‍ട്ടിയുടെ അടിത്തറ ഇളക്കിയെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. തുടര്‍ച്ചയായ രണ്ടാം ഭരണത്തിന്റെ അഹങ്കാരം വോട്ടര്‍മാരെ അകറ്റിയെന്നും, ഇത് വരും കാലങ്ങളില്‍ തിരുത്തണമെന്നും പിബിയില്‍ ആവശ്യമുയരും. പിണറായിയുടെ മൗനം അദ്ദേഹം പാര്‍ട്ടിയില്‍ പ്രതിരോധത്തിലാണെന്നതിന്റെ തെളിവായി രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നു. പിണറായിയെ കേന്ദ്ര കമ്മിറ്റിയില്‍ മാത്രം ഒതുക്കി സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന നിര്‍ദ്ദേശവും സജീവമായി പരിഗണനയിലുണ്ട്. ഇതോടെ കേരളത്തിലെ സി.പി.എമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന ‘പിണറാസിയം’ അപ്രസക്തമായേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് എന്ന റോളിലേക്ക് ഇറങ്ങുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് ഗുണകരമാകില്ലെന്നാണ് എം.എ. ബേബിയുടെ പക്ഷം. പാര്‍ട്ടിയെ താഴെത്തട്ടില്‍ നിന്ന് പുനസംഘടിപ്പിക്കാന്‍ പുതിയ നേതൃത്വം വേണമെന്ന കടുത്ത നിലപാടിലാണ് അദ്ദേഹം. പിബിയില്‍ ഈ വിഷയം ഉന്നയിക്കുമ്പോള്‍ കേരളത്തിലെ മറ്റ് നേതാക്കളുടെ പിന്തുണയും അദ്ദേഹത്തിന് ലഭിച്ചേക്കാം. കെ എന്‍ ബാലഗോപാലിന് പ്രതിപക്ഷ നേതൃസ്ഥാനം കിട്ടിയേക്കും.

ബംഗാളിലെയും ത്രിപുരയിലെയും പതനം കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കടുത്ത നടപടികള്‍ വേണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ ആഗ്രഹം. ഇതിന്റെ ആദ്യ പടിയായിട്ടാണ് പിണറായിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ഡല്‍ഹിയില്‍ നിന്ന് തുടങ്ങുന്നത്. കേരള ഘടകത്തില്‍ പിണറായിക്കുള്ള സര്‍വ്വാധിപത്യം അവസാനിപ്പിക്കുക എന്നതാണ് കേന്ദ്ര കമ്മിറ്റിയുടെ ലക്ഷ്യം.
പിബി തീരുമാനങ്ങള്‍ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഗതി മാറ്റും. പിണറായി വിജയന്‍ മാറ്റിനിര്‍ത്തപ്പെടുകയും പുതിയൊരു നേതാവ് പ്രതിപക്ഷ നിരയെ നയിക്കുകയും ചെയ്താല്‍ അത് സി.പി.എമ്മിലെ പുതിയൊരു യുഗത്തിന്റെ തുടക്കമാകും.