
കോഴിക്കോട്: ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘത്തിന്റെ ശരീരത്തിലേയ്ക്ക് കാർ പാഞ്ഞുകയറി ഏഴുപേർക്ക് പരിക്ക്.
ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിന് പിന്നാലെ നിർത്താതെ പോയ കാറിനെ മറ്റൊരു സംഘം പിന്തുടർന്ന് പിടികൂടി. കല്ലായി പാലത്തിന് സമീപത്തായാണ് സംഭവമുണ്ടായത്.
തമിഴ്നാട് കടലൂർ മാവട്ടം സ്വദേശികളായ രാമയ്യ (55), വീരയ്യ (56), ധനലക്ഷ്മി (53), അയ്യമ്മ (53, അരുമകണ്ണൻ (56), ശക്തിവേല്‍ (57), കാമിനി (52) എന്നിവർക്കാണ് അപകടത്തില്‍ പരിക്കേറ്റത്. രാമയ്യയ്ക്കാണ് ഗുരുതര പരിക്കുള്ളത്. കാലിന്റെ മുട്ടിന് താഴെയുള്ള എല്ലുകള്‍ തകർന്നു. തുടയെല്ലും, വാരിയെല്ലും താടിയെല്ലും ഒടിഞ്ഞു. അടിയന്തര ശസ്ത്രക്രിയ ചെയ്യാനാകാത്തതിനാല്‍ രാമയ്യയെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിന് പിന്നാലെ നിർത്താതെ പോയ കാറിന് മറ്റൊരു കാറിലുണ്ടായിരുന്ന യുവാക്കള്‍ പിന്തുടർന്ന് പുഷ്പ ജംഗ്ഷന് സമീപത്തുവച്ച് തടഞ്ഞുനിർത്തുകയായിരുന്നു. മലപ്പുറം ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഫർസാൻ, ചേലേമ്പ്ര സ്വദേശി ആദില്‍ ഷാൻ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവരെ പൊലീസ് നോട്ടീസ് നല്കി വിട്ടയച്ചു.
അപകടം പറ്റിയവരില്‍ നിന്ന് മൊഴിയെടുത്തതിനുശേഷം ഇന്ന് കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് പൊലീസ് അറിയിച്ചത്. കാറില്‍ നിന്ന് പിടികൂടിയവരെ ലഹരി പരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്ന് പരാതി ഉയരുന്നു. ഇവരുടെ കാറിൽ നിന്ന് സംശയാസ്പദമായ വസ്തുക്കള്‍ പിടികൂടിയതായി വിവരമുണ്ട്.







