Spread the love

കൊല്ലം: ഇത്തവണ 25 വർഷം പ്രതിനിധാനംചെയ്ത പത്തനാപുരം മണ്ഡലം കെ.ബി. ഗണേഷ്കുമാറിനെ കൈവിട്ടതിനു കാരണം ‘ഉമ്മൻ ചാണ്ടി ഫാക്ട‌ർ’ ആണെന്ന് റിപ്പോർട്ടുകള്‍.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് സോളാർ കേസിലെ പ്രതി എഴുതിയ കത്തില്‍ എഴുതിച്ചേർക്കാൻ നടത്തിയ ഗൂഢാലോചന ഗണേഷിന് തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയായി. തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍, കോണ്‍ഗ്രസ് സ്ഥാനാർഥിയായ ജ്യോതികുമാർ ചാമക്കാലയുടെ മാങ്കോട്ട് നടന്ന രാഷ്ട്രീയ വിശദീകരണയോഗത്തില്‍, സോളാർ കേസില്‍ ഉമ്മൻ ചാണ്ടിയെ കുടുക്കി ഗണേഷ്കുമാർ ഇടതുപക്ഷത്തേക്ക് ചേക്കേറുകയായിരുന്നെന്ന് ചാണ്ടി ഉമ്മൻ വെളിപ്പെടുത്തിയിരുന്നു.

video
play-sharp-fill

ഗണേഷ്‌കുമാർ മന്ത്രിസഭയില്‍നിന്ന് പുറത്തായതുമുതല്‍ ഉമ്മൻ ചാണ്ടിയോട് പ്രതികാരബുദ്ധിയോടെ പെരുമാറിയിരുന്നതായി ഗണേഷ്കുമാറിന്റെ സഹോദരി ഉഷാ മോഹൻദാസ് ഉള്‍പ്പെടെ വെളിപ്പെടുത്തിയിരുന്നു. ഉമ്മൻ ചാണ്ടിയെ കുടുക്കാൻ സോളാർ കേസിലെ പ്രതി എഴുതിയ കത്തില്‍ നാല് പേജുകള്‍ കൂട്ടിച്ചേർത്തതാണ് ആരോപണങ്ങളില്‍ മറ്റൊന്ന്. കേസ് ഇപ്പോള്‍ കൊട്ടാരക്കര ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്. തിരഞ്ഞെടുപ്പ് കഴിയുംവരെ കേസിലെ തുടർനടപടികള്‍ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഗണേഷ്‌കുമാർ നല്‍കിയ ഹർജി കോടതി തള്ളിയിരുന്നു.

കൂടാതെ, ഉമ്മൻ ചാണ്ടിയോട് ഗണേഷ്‌കുമാർ ചെയ്‌ത അനീതികള്‍ മകൻ എണ്ണിയെണ്ണിപ്പറഞ്ഞതും വോട്ടർമാർ ഏറ്റെടുത്തു. ‘ഈ മനുഷ്യൻ നീതിമാനായിരുന്നു’വെന്ന അടിക്കുറിപ്പോടെ ഉമ്മൻ ചാണ്ടിയുടെ ഫ്‌ലെക്‌സ് ബോർഡുകള്‍ മണ്ഡലത്തിലാകെ കോണ്‍ഗ്രസ് ഉയർത്തുകയും ചെയ്‌തിരുന്നു. ഇതോടൊപ്പം എൻ.എസ്.എസ്. താലൂക്ക് യൂണിയനുമായുണ്ടായ പ്രശ്‌ങ്ങളും പരാജയത്തിലേക്കുള്ള പാത തുറന്നു.
തിരഞ്ഞെടുപ്പടുത്ത കാലത്താണ് പദ്‌മ കഫേയുമായി ബന്ധപ്പെട്ട് എൻ.എസ്.എസ്. പത്തനാപുരം താലൂക്ക് യൂണിയൻ ഭാരവാഹികളും ഗണേഷ്‌കുമാറും തമ്മിലുള്ള അകല്‍ച്ച തുടങ്ങിയത്. ഗണേഷിന്റെ വിജയത്തില്‍ നിർണായകഘടകമായിരുന്ന എൻ.എസ്.എസ്. പിന്തുണ ഇത്തവണ കാര്യമായി ലഭിച്ചില്ല. തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ത്തന്നെയായിരുന്നു ഗണേഷും ഭാര്യ ബിന്ദു മേനോനുമായി ബന്ധപ്പെട്ട വിവാദങ്ങളുണ്ടാകുന്നത്. ഇതും വോട്ടർമാർക്കിടയില്‍ ചർച്ചയായി. അതേ സമയം, മണ്ഡലത്തില്‍ വർഷങ്ങളായി നടത്തിയ വികസനവും കെ.എസ്.ആർ.ടി.സി.യില്‍ കൊണ്ടുവന്ന മാറ്റങ്ങളുമെല്ലാം മുൻനിർത്തി വിവാദങ്ങളെ മറികടക്കാനായിരുന്നു ഗണേഷ്കുമാറിന്റെ ശ്രമം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഗണേഷ്കുമാറിൻ്റെ തോല്‍വി കേരള കോണ്‍ഗ്രസ് (ബി) എന്ന രാഷ്ട്രീയപ്പാർട്ടിയുടെ ഭാവിയെക്കൂടി ബാധിച്ചിരിക്കുകയാണ്. നിയമസഭയില്‍ പാർട്ടിക്ക് പ്രാതിനിധ്യം ഇല്ലാതായി. തദ്ദേശസ്ഥാപനങ്ങളില്‍മാത്രം പ്രാതിനിധ്യമുള്ള പാർട്ടിയായി മാറുകയും ചെയ്തു. പാർട്ടി പിറവിക്കുശേഷം ആദ്യമായാണ് എം.എല്‍.എ.മാർ ഇല്ലാതാകുന്ന അവസ്ഥ. മുൻപ് പാർട്ടി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള കൊട്ടാരക്കരയില്‍ തോറ്റപ്പോഴും പത്തനാപുരത്ത് കെ.ബി. ഗണേഷ്കുമാർ വിജയിച്ചിരുന്നു.2006-ല്‍ സി.പി.എം. സ്ഥാനാർഥിയായ അയിഷാപോറ്റിയോട് ആർ. ബാലകൃഷ്ണപിള്ള പരാജയപ്പെട്ടതോടെ കൊട്ടാരക്കരയില്‍ ‘പിള്ള യുഗം’ അവസാനിച്ചെങ്കിലും പാർട്ടി നിലനിന്നു.

കേരള കോണ്‍ഗ്രസ് (ബി) എല്‍.ഡി.എഫില്‍ ചേർന്നതോടെ കൊട്ടാരക്കര സീറ്റ് നഷ്ടമായി. 2021-ല്‍ തിരഞ്ഞെടുപ്പുഫലം അറിഞ്ഞശേഷമാണ് ആർ. ബാലകൃഷ്ണപിള്ള മരിക്കുന്നത്. പിള്ളയില്ലാത്ത ആദ്യ തിരഞ്ഞെടുപ്പില്‍തന്നെ പാർട്ടിക്കുണ്ടായിരുന്ന ഏക സീറ്റിലും പാർട്ടി തോറ്റു.കേരളകോണ്‍ഗ്രസി(ബി)ൻ്റെ ആസ്ഥാനം ബാലകൃഷ്ണപിള്ള മരിക്കുംവരെ കൊട്ടാരക്കരയായിരുന്നു. കൊട്ടാരക്കരയിലെ വീടിനോടുചേർന്ന പാർട്ടി ഓഫീസ് മന്ദിരമായിരുന്നു പ്രവർത്തനകേന്ദ്രം. ജില്ലാ കമ്മിറ്റി ഓഫീസും നിയോജകമണ്ഡലം ഓഫീസും ഇവിടെയായിരുന്നു.

കെ.ബി. ഗണേഷ്കുമാർ പാർട്ടി ചെയർമാൻ ആയതോടെ ആദ്യം ചെയ്‌തത് കൊട്ടാരക്കരയിലെ ജില്ലാ കമ്മിറ്റി ഓഫീസ് മാറ്റുകയായിരുന്നു. പാർട്ടി യോഗങ്ങളില്‍ ചെയർമാൻ പങ്കെടുക്കാതായി. കമ്മിറ്റികള്‍ക്ക് നിർദേശം നല്‍കാൻ മാനേജർമാരെ നിയമിച്ചെന്ന ആക്ഷേപവും ഉയർന്നു. കൂടാതെ, ബാലകൃഷ്ണപിള്ളയ്ക്കൊപ്പം നിലയുറപ്പിച്ചവരെല്ലാം പാർട്ടിയോടു പിണങ്ങി അകന്നു. 28 ജനപ്രതിനിധികള്‍ ഉണ്ടായിരുന്ന പാർട്ടിക്ക് പത്തനാപുരത്തും കൊട്ടാരക്കരയിലും പുനലൂരുമായി നിലവിലുള്ളത് 11 പേർ മാത്രം.