
കൊച്ചി : പറവൂർ മൂകാംബിക ക്ഷേത്രോപദേശക സമിതി പിരിച്ച് വിട്ട തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉത്തരവില്‍ തുടർ നടപടികള്‍ തത്ക്കാലം നീട്ടിവെക്കാൻ കേരളാ ഹൈക്കോടതി നിർദേശിച്ചു. കാലാവധി പൂർത്തിയാകാൻ രണ്ട് മാസം ശേഷിക്കെയാണ് നിലവിലെ സമിതിയെ പിരിച്ച് വിട്ടതെന്ന് ചൂണ്ടിക്കാണിച്ച് നല്കിയ ഹർജിയിലാണ് നടപടി.
തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണറുടെ തീരുമാനം ചോദ്യം ചെയ്ത് ഉപദേശക സമിതി നല്കിയ ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനും വി എം ശ്യാം കുമാറും ഉള്‍പ്പെട്ട ബെഞ്ചാണ് പരിഗണിച്ചത്. ഹർജിയില്‍ വിശദീകരണം നല്കാൻ ബോർഡ് സമയം തേടി. കേസ് ഈ മാസം 19ന് വീണ്ടും പരിഗണിക്കും.
അസിസ്റ്റന്റ് കമ്മിഷണറുടെ സീല്‍ പതിപ്പിച്ച കൂപ്പണുകള്‍ക്കൊപ്പം സീല്‍ ഇല്ലാത്ത കൂപ്പണുകളും ഉപയോഗിച്ച് പിരിവ് നടത്തിയെന്ന് ആരോപിച്ചാണ് നിലവിലെ സമിതിയെ പുറത്താക്കിയത്. കോടതിയുടെ അന്തിമ ഉത്തരവ് വരുന്നത് വരെ ഉപദേശക സമിതിയുമായി ബന്ധപ്പെട്ട പുതിയ തീരുമാനങ്ങള്‍ ഒന്നും എടുക്കരുതെന്നും കോടതി നിർദേശിച്ചു. ഉപദേശകസമിതിക്കായി അഡ്വ. പി. കെ സജീവ് ഹാജരായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group







